LiveTV

Live

National

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍; ആസാദിന്റെ റാലിക്ക് നേരെയും പൊലീസ് അതിക്രമം

ജമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ആസാദിനെ ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിന് മുന്‍പ് ജമാ മസ്ജിദിന് മുന്‍പില്‍ നിന്നും പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചിരുന്നു

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍; ആസാദിന്റെ റാലിക്ക് നേരെയും പൊലീസ് അതിക്രമം

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൌരത്വ നിയമ ഭേദഗതിക്കെതിരെ ജമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ആസാദിനെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പ് ജമാ മസ്ജിദിന് മുന്‍പില്‍ നിന്നും പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചിരുന്നു.

പൌരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. മോദിയും അമിത്ഷായും അധികാരം നുണഞ്ഞിരിക്കരുത്. രാജ്യത്ത് നടക്കുന്നത് സമാധാനപരമായ പ്രതിഷേധമാണ്.അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആര്‍.എസ്.എസ് ആണെന്നും ആസാദ് മീഡിയവണിനോട് പറഞ്ഞു.

പൌരത്വ നിയമ ഭേദഗതിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച റാലിക്ക് നേരെ പൊലീസ് അതിക്രമവുമുണ്ടായി. പൊലീസ് ‌ലാത്തി ചാര്‍ജിൽ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു കാര്‍ അഗ്നിക്കിരയായി. സംഘര്‍ഷത്തെത്തുടര്‍ന്ന് കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. ഇവര്‍ക്ക് നിയമസഹായം നിഷേധിക്കുന്നുവെന്നും അഭിഭാഷകര്‍ ആരോപിച്ചു.

ഭീം ആര്‍മി നേതാവ് ‌ചന്ദ്ര ശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പങ്കുചേര്‍ന്നത് ആയിരക്കണക്കിനാളുകൾ. 12 ഇടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് നടത്തിയ മാര്‍ച്ച് പൊലീസ് ഡല്‍ഹി ഗേറ്റില്‍ തടഞ്ഞു. പിരിഞ്ഞുപോയ പ്രതിഷേധക്കാര്‍ വീണ്ടും തടിച്ചുകൂടിതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിചാര്‍ജ് കൂടി നടത്തിയതോടെ സ്ഥലം സംഘര്‍ഷഭരിതമായി. കാര്‍ അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.

ലാത്തിചാര്‍ജില്‍ മലയാളി മാധ്യമപ്രവര്‍ത്തകരായ അരുണ്‍ ശങ്കര്‍, വൈശാഖ് എന്നിവര്‍ക്കടക്കം നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് കുട്ടികളെയും സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് നിയമ സഹായം നല്‍കാന്‍ പൊലീസ് അഭിഭാഷകരെ അനുവദിച്ചില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജമാമസ്ജിദിലെത്തിയ ചന്ദ്രശേഖര്‍ ആസാദ് പള്ളിയില്‍ തടിച്ചുകൂടിയവരോട് രാത്രി വൈകിയും സംസാരിച്ചു. ഡല്‍ഹിയിലെ സീലംപൂര്‍, ജാഫറബാദ് എന്നിവിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഇന്ത്യ ഗേറ്റിനുമുന്നില്‍ ‌നടന്ന പ്രതിഷേധത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.