LiveTV

Live

National

'നാല് നിറങ്ങളുള്ള ദേശീയ പതാക'യുമായി എ.ബി.വി.പി ത്രിവർണ ജാഥ

പഞ്ച്കുള ഗവൺമെന്റ് കോളേജിൽ നിന്ന് ആവേശത്തോടെ പുറത്തേക്ക് പ്രകടനം നയിച്ച എ.ബി.വി.പിക്കാർ അബദ്ധം തിരിച്ചറിഞ്ഞത് പൊതുജനങ്ങൾ ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ്.

'നാല് നിറങ്ങളുള്ള ദേശീയ പതാക'യുമായി എ.ബി.വി.പി ത്രിവർണ ജാഥ

ദേശീയ പൗരത്വ ബില്ലിനും പൗരത്വ ഭേദഗതി നിയമത്തിനും പിന്തുണ അറിയിച്ച് ബി.ജെ.പിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പി നടത്തിയ 'ത്രിവർണ' മാർച്ചിൽ ദേശീയ പതാകയെന്ന മട്ടിൽ ഉപയോഗിച്ചത് നാല് നിറങ്ങളുള്ള പതാക. ഹരിയാനയിലെ പഞ്ച്കുളയിൽ വ്യാഴാഴ്ചയാണ് സംഭവം.

രാജ്യമെങ്ങും പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം അലയടിക്കുമ്പോഴാണ്, നിയമത്തെ അനുകൂലിച്ച് ദേശീയ പതാകയേന്തി തിരങ്ക മാർച്ച് നടത്താൻ എ.ബി.വി.പി തീരുമാനിച്ചത്. ദേശീയ പതാകയിൽ മൂന്ന് നിരയിലായി കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളാണുള്ളതെങ്കിലും എ.ബി.വി.പിക്കാർ പിടിച്ച കൊടികളിൽ നാല് നിരകളുണ്ടായിരുന്നു. മുകളിൽ പച്ച, അതിനു താഴെ കുങ്കുമം, പിന്നെ വെള്ള, തുടർന്ന് പച്ച എന്നിങ്ങനെയായിരുന്നു ഇത്.

പഞ്ച്കുള ഗവൺമെന്റ് കോളേജിൽ നിന്ന് ആവേശത്തോടെ പുറത്തേക്ക് പ്രകടനം നയിച്ച എ.ബി.വി.പിക്കാർ അബദ്ധം തിരിച്ചറിഞ്ഞത് പൊതുജനങ്ങൾ ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ്. ഇതേതുടർന്ന്, നാലുവർണ പതാകകൾ ഉപേക്ഷിച്ച് മൂന്നു നിറങ്ങളുള്ള ഒരൊറ്റ പതാകയുമായി ഇവർ പ്രകടനം തുടർന്ന്.

ത്രിവർണ പതാകയേന്തി മാർച്ച് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും തങ്ങൾക്ക് ലഭിച്ച പതാകകൾ തെറ്റായിരുന്നുവെന്നും എ.ബി.വി.പി പ്രവർത്തകർ 'ചണ്ഡിഗഡ് ന്യൂസ് ലൈൻ' എന്ന മാധ്യമത്തോട് പറഞ്ഞു. 'ഞങ്ങളുടെ കൈവശമുണ്ടായിരുന്നത് തെറ്റായ പതാകയായിരുന്നു. യഥാർത്ഥത്തിൽ അത് തെറ്റായിരുന്നില്ല, തെറ്റായ രീതിയിൽ പതാക കട്ട് ചെയ്തപ്പോൾ സംഭവിച്ചതാണ്. ഇത്തരത്തിലുള്ള നിരവധി പതാകകളാണ് ഞങ്ങൾക്കു ലഭിച്ചത്. യഥാർത്ഥ പതാകയുമായാണ് അവസാനം ഞങ്ങൾ മാർച്ച് നടത്തിയത്.' - ഒരു വിദ്യാർത്ഥി വ്യക്തമാക്കി.

ഗവൺമെന്റ് കോളേജിൽ നിന്ന് ഗീത ചൗക്ക് വരെ നടത്തിയ പ്രതിഷേധം എ.ബി.വി.പി ഹരിയാന പ്രസിഡണ്ട് സുനിൽ ഭരദ്വാജാണ് നയിച്ചത്. പ്രതീക്ഷിച്ചത്ര വിദ്യാർത്ഥികൾ മാർച്ചിന് എത്തിച്ചേർന്നില്ലെന്നും പരീക്ഷ നടക്കുന്നത് കൊണ്ടാകാം ഇതെന്നും ഭരദ്വാജ് പറഞ്ഞു.