LiveTV

Live

National

‘ജാലിയന്‍വാലാബാഗിനെ ഓര്‍മ്മപ്പെടുത്തുന്നത്’; ജാമിഅ പൊലീസ് അതിക്രമത്തിനെതിരെ ഉദ്ധവ് താക്കറെ

‘ജാലിയന്‍വാലാബാഗിനെ ഓര്‍മ്മപ്പെടുത്തുന്നത്’; ജാമിഅ പൊലീസ് അതിക്രമത്തിനെതിരെ ഉദ്ധവ് താക്കറെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് നടത്തിയ അതിക്രമത്തെ ബ്രിട്ടീഷുക്കാരുടെ ജാലിയന്‍വാലാബാഗ് സംഭവത്തോട് സമാനപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജാമിഅയിലെ പൊലീസ് അതിക്രമം ഇന്ത്യയിലെ ഏറ്റവും ഭീകരകൂട്ടക്കൊലയായ ജാലിയന്‍വാലാബാഗ് സംഭവത്തെ ഓര്‍മ്മിപ്പിച്ചുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

‘ഡല്‍ഹി പൊലീസ് കാമ്പസിന് അകത്ത് കയറി വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെച്ചതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഇത് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്നതാണ്. വിദ്യാര്‍ഥികളെ പേടിപ്പിക്കുന്ന സ്വഭാവത്തില്‍ നമ്മള്‍ ജാലിയന്‍വാലാബാഗ് സാഹചര്യം ഇവിടെ സൃഷ്ടിക്കുകയാണോ?’; പൗരത്വ ഭേദഗതി നിയമത്തിനെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ പ്രസംഗത്തിലാണ് ഉദ്ധവ് താക്കറെ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്.

‘ഒരു രാജ്യത്തെയോ സംസ്ഥാനത്തെയാേ യുവാക്കള്‍ രോഷാകുലരായിട്ടുണ്ടെങ്കില്‍ അവിടെ സമാധാനമുണ്ടാകില്ല. യുവാക്കളാണ് നമ്മുടെ ശക്തി. നമ്മുടെ രാജ്യം അധികം വൈകാതെ യുവാക്കളുടെ എണ്ണത്താല്‍ മുന്നിലെത്തും. യുവാക്കളുടെ ശക്തി ബോംബ് പോലെയാണ്. അതിന് തിരികൊളുത്തല്ലേയെന്നാണ് എനിക്ക് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്’; ഉദ്ധവ് താക്കറെ കൂട്ടിചേര്‍ത്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിചതച്ചത്. ജാമിഅ മില്ലിയ ഇസ്‍ലാമിയ കാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് വിദ്യാര്‍ഥികളെ നേരിട്ടത്. കാമ്പസിനകത്തെ പള്ളിയിലും ലൈബ്രറിയിലും കടന്ന ഡല്‍ഹി പൊലീസ് പരിക്ക് പറ്റിയ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും വിസ്സമതിച്ചുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

1919 ഏപ്രില്‍ 13നാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടകൊലകളില്‍ ഒന്നായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്. പഞ്ചാബിലെ അമൃത്സറില്‍ വെച്ച് നിരായുധരായ നൂറകണക്കിന് പേരാണ് ബ്രിട്ടീഷ് ഓഫീസര്‍ ജനറല്‍ ഡയറിന്റെ പൊലീസ് സംഘത്തിന്റെ തോക്കിന് മുന്നില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ത്യന്‍ സ്വാതന്ത്ര സമരചരിത്രത്തിലെ വിസ്മരിക്കാനാവാത്ത അധ്യായം കൂടിയാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല.