LiveTV

Live

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മദ്രാസ് സർവകലാശാല അടച്ചു

കഴിഞ്ഞ രണ്ട് ദിവസമായി സർവകലാശാലക്കുള്ളിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മദ്രാസ് സർവകലാശാല അടച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാപ്പകൽ സമരവുമായി മദ്രാസ് സർവകലാശാല വിദ്യാർത്ഥികൾ. രജിസ്ട്രാറുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ, 48 മണിക്കൂർ തുടർച്ചയായ സമരവുമായി മുൻപോട്ടു പോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. അതിനിടെ സർവകലാശ വിദ്യാർത്ഥികൾക്ക് 14 ദിവസത്തെ അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി സർവകലാശാലക്കുള്ളിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്ന രണ്ട് വിദ്യാർത്ഥികളെ പൊലിസ് കാംപസിന് പുറത്തു വച്ച് അറസ്റ്റ് ചെയ്തു. ഇതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയത്. വൈകീട്ട് രജിസ്ട്രാറുമായി പ്രതിഷേധക്കാർ ചർച നടത്തിയെങ്കിലും പരാജയപ്പെട്ടു. അറസ്റ്റിലായ വിദ്യാർത്ഥികളെ വിട്ടയക്കുമെന്നും അതിനാൽ സമരം നിർത്തണമെന്നുമായിരുന്നു രജിസ്ട്രാർ ആവശ്യപ്പെട്ടത്. എന്നാൽ ഭേദഗതി നിയമം റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

തമിഴ്നാട്ടിൽ നിയമത്തിനെതിരായ പ്രതിഷേധം തുടരുകയാണ്‌.ഡി എം കെയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കൂട്ടായ്മ നടത്തി. സംസ്ഥാനത്തെ 65 കേന്ദ്രങ്ങളിലായിരുന്നു ഡിഎംകെയുടെ സമരം. രാജ്യത്തിന്റെ ഏകത്വത്തിൽ വിഷം കലർത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അധ്യക്ഷൻ എം.കെ.സ്റ്റാലിൻ കാഞ്ചീപുരത്ത് പറഞ്ഞു. മുസ്ലീം മത വിഭാഗങ്ങളെ തകർക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് കനിമൊഴി എം.പി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ പറഞ്ഞു. പോണ്ടിച്ചേരി സർവകലാശാല വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കാംപസിനുള്ളിൽ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.