LiveTV

Live

National

‘നിങ്ങള്‍ അഭിമാനമാണ് മക്കളേ’; ജാമിഅ പോരാളികള്‍ക്ക് പിന്തുണ നല്‍കികൊണ്ടുള്ള ബന്ധുക്കളുടെ സന്ദേശം വെെറല്‍

‘നിങ്ങള്‍ അഭിമാനമാണ് മക്കളേ’; ജാമിഅ പോരാളികള്‍ക്ക് പിന്തുണ നല്‍കികൊണ്ടുള്ള ബന്ധുക്കളുടെ സന്ദേശം വെെറല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മില്ലിയയിലെ പ്രതിഷേധം വ്യാപകമായിരിക്കെ, വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ മുന്നിരയിലുള്ള മലയാളി വിദ്യാര്‍ഥികളുടെ വീട്ടുകാരുമായുള്ള സംസാരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജാമിയ മില്ലിയയിലെ ബി.എ അറബിക് വിദ്യാര്‍ഥിയായ ലദീദ സഖലൂണിന്റെയും മാസ്കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഷഹീനിന്‍റെയും ആയിഷ റെന്നയുടെയും കുടുംബക്കാരുമായുള്ള സംസാരമാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

ലദീദയും ഉപ്പയും തമ്മിലുള്ള വാഡ്‌സ്ആപ്പ് സംഭാഷമാണതിലൊന്ന്. സമരത്തിലെ മുന്‍നിരയിലുള്ള മകളെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും ഈ ത്യാഗം വെറുതെയാവില്ലെന്നും ഉപ്പ അയച്ച മെസേജില്‍ പറയുന്നു. ആ മെസേജ് ചേര്‍ത്ത് ലദീദ എഴുതുന്നു, ‘ഇത്‌പോലുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാര്‍ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോര്‍ത്ത് ഭയക്കാന്‍’. സമരം തുടങ്ങിയിട്ടൊള്ളൂവെന്നും ഇനിയും ശക്തമായി സമര രംഗത്ത് ഉണ്ടാവുമെന്നും ലദീദ കുറിക്കുന്നു.

ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് പൊതിരെ തല്ലിയ ഷഹീനിന്റെ ഉമ്മയുടെ സംസാരമാണ് വൈറലാവുന്ന മറ്റൊരു പോസ്റ്റ്. ഉമ്മയെ വിളിച്ചു, സമരത്തില്‍ നിന്നും പിന്തിരിയരുതെന്നും അഭിമാനത്തോടെ സമരരംഗത്ത് മുന്നോട്ട് പോകാനും ഉമ്മ അറിയിച്ചതായി ഷഹീന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡല്‍ഹി പൊലീസ് ഷഹീനെ തല്ലിചതക്കുമ്പോള്‍ പ്രതിരോധം തീര്‍ത്ത ആയിഷ റെന്നയുടെ ഭര്‍ത്താവിന്റെ പോസ്റ്റാണ് മറ്റൊന്ന്. ഇവളെ പോലെ ഒരു ഇണയെ കിട്ടാന്‍ ഞാന്‍ എത്രമാത്രം നാഥനെ സ്തുതിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ല എന്നായിരുന്നു ആ പോസ്റ്റ്. ജാമിഅ മില്ലിയ സമരത്തിന്റെ പ്രതീകമായി മാറിയ ചിത്രങ്ങളിലൊന്നാണ് സര്‍വകലാശാല വിദ്യാര്‍ഥിനിയായ ആയിഷ റന്ന അതിക്രമികളായ പൊലീസിന് നേരെ മുഷ്ടി ഉയര്‍ത്തി നില്‍ക്കുന്ന രംഗം.