LiveTV

Live

National

"ഹിന്ദുരാജാവും പാദസേവകരും മാത്രമുള്ള ഇന്ത്യ സ്വപ്‌നം കാണുന്നവർ ഓർക്കുക..." പൗരത്വ നിയമത്തിനെതിരെ ചേതൻ ഭഗത്

"യുവാക്കള്‍ രോഷാകുലരാണ്. ആവശ്യത്തിന് ജോലികളില്ല. ശമ്പളം വളരെ കുറവാണ്. അവരോട് കളിക്കാന്‍ നില്‍ക്കരുത്. ആദ്യത്തെ മുന്‍ഗണന സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താന്‍ ആയിരിക്കണം."

"ഹിന്ദുരാജാവും പാദസേവകരും മാത്രമുള്ള ഇന്ത്യ സ്വപ്‌നം കാണുന്നവർ ഓർക്കുക..." പൗരത്വ നിയമത്തിനെതിരെ ചേതൻ ഭഗത്

ബി.ജെ.പി സർക്കാറിന്റെ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടുമായി എഴുത്തുകാരൻ ചേതൻ ഭഗത്. നിരവധി ഘട്ടങ്ങളിൽ ബി.ജെ.പി സർക്കാറിനും സംഘ് പരിവാറിനും അനുകൂല നിലപാടെടുത്തിരുന്ന ചേതൻ ഭഗത് ശക്തമായ ഭാഷയിലാണ് പൗരത്വ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നത്. ട്വിറ്ററിൽ നിരവധി ട്വീറ്റുകളിലായി പൗരത്വ നിയമത്തിനും പ്രതിഷേധങ്ങൾക്കു നേരെയുള്ള കേന്ദ്രസർക്കാർ നടപടികൾക്കുമെതിരെ ചേതൻ ഭഗത് പ്രതികരിച്ചു.

ചേതന്‍ ഭഗതിന്റെ ട്വീറ്റുകള്‍

"ആവര്‍ത്തിച്ചും ദീര്‍ഘമായും ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തുന്നത് സമ്പദ്ഘടനയെയും വ്യവസായത്തെയും ബാധിക്കും. പ്രവചിക്കാന്‍ കഴിയാത്ത, കാര്യങ്ങള്‍ നിയന്ത്രണത്തിലല്ലാത്ത മൂന്നാംലോക രാജ്യമാണ് നമ്മള്‍ എന്ന സന്ദേശമാണ് അത് നല്‍കുക. ഹോങ്കോങ് പ്രതിഷേധങ്ങള്‍ക്കിടെ ജനാധിപത്യരാജ്യമല്ലാത്ത ചൈന പോലും ഇങ്ങനെ ചെയ്തിട്ടില്ല."

"പൌരത്വ ബില്ലില്‍ കൂടുതല്‍ വിദ്യാഭ്യാസവും കൂടുതല്‍ സമവായ നിര്‍മാണവും കൂടുതല്‍ മികച്ച വാക്കുകളും, സത്യം പറഞ്ഞാല്‍ കൂടുതല്‍ നല്ല ഉദ്ദേശ്യവും ആവശ്യമാണ്. സാമൂഹ്യപാത്രത്തെ തുടര്‍ച്ചയായി ഇളക്കുന്നത് അല്ലെങ്കിലേ ദുര്‍ബലമായ നമ്മുടെ സമ്പദ്ഘടനയെ ഉലക്കും"

"യുവാക്കള്‍ രോഷാകുലരാണ്. ആവശ്യത്തിന് ജോലികളില്ല. ശമ്പളം വളരെ കുറവാണ്. അവരോട് കളിക്കാന്‍ നില്‍ക്കരുത്. ആദ്യത്തെ മുന്‍ഗണന സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താന്‍ ആയിരിക്കണം."

"തകരുന്ന സമ്പദ്ഘടന. തൊഴിലുകള്‍ ഇല്ലാതാക്കുന്നു. ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തുന്നു. പൊലീസിനെ ലൈബ്രറിയിലേക്കയക്കുന്നു. യുവാക്കള്‍ക്ക് ക്ഷമ ഉണ്ടായിരിക്കാം, പക്ഷേ അതിന്റെ നെല്ലിപ്പടി പരീക്ഷിക്കരുത്."

എന്റെ രാഷ്ട്രീയം ഏതെന്ന കാര്യത്തില്‍ പലര്‍ക്കും ഇവിടെ സംശയമാണ്. വ്യക്തമായി പറയുകയാണെങ്കില്‍ എല്ലാവരും സൌഹാര്‍ദത്തോടെ ജീവിക്കുന്ന, കരുത്തുറ്റ സമ്പദ്ഘടനയുള്ള ഇന്ത്യയില്‍ മാത്രമാണ് എനിക്ക് താല്പര്യം. അതാണെന്റെ സ്വപ്നം. ഒരുപക്ഷത്തുമാത്രം നിലകൊള്ളുന്നത് എന്നെ ബോറടിപ്പിക്കുന്നു. ഞാന്‍ നിങ്ങളുടെ ഉറച്ചപക്ഷത്തല്ല. ഞാന്‍ ഇന്ത്യയുടെ പക്ഷത്താണ്. അതില്‍ എനിക്ക് അഭിമാനവുമുണ്ട്."

"ചരിത്രപരമായ പേരുകള്‍ എന്തായിരുന്നാലും ഇന്ത്യയില്‍ ഹിന്ദു യൂണിവേഴ്സിറ്റികളോ മുസ്ലിം യൂണിവേഴ്സിറ്റികളോ ഇല്ല. അവയെല്ലാം ഇന്ത്യന്‍ യൂണിവേഴ്സിറ്റികളാണ്. അവയ്ക്കെല്ലാം സംരക്ഷണം നല്‍കണം..."

"നോട്ട് നിരോധനം, ജി.എസ്.ടി, 370, പൌരത്വബില്‍. ഇവയിലെല്ലാം തീരുമാനമെടുത്തതിനു ശേഷമുള്ള പ്രശ്നങ്ങളാണ്. എല്ലാ കാര്യത്തിനും സമ്മതം മൂളുന്ന ആളുകളുടെ ഒരു പടതന്നെയുണ്ട് സര്‍ക്കാറില്‍. യഥാര്‍ത്ഥ സംശയങ്ങള്‍ അവര്‍ ചോദിക്കുന്നില്ല. തീരുമാനെടുക്കുന്ന പ്രക്രിയയെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു."

"ഒരു ഹിന്ദു രാജാവും അയാള്‍ക്ക് പാദസേവ ചെയ്യുന്നവരും മാത്രമുള്ള ഇന്ത്യയെപ്പറ്റി സ്വപ്നം കാണുന്നവര്‍ ഇക്കാര്യം ഓര്‍ക്കുക: നിങ്ങളുടെ മതഭ്രാന്തിനെ ഞാന്‍ മഹത്വവല്‍ക്കരിച്ചാലും (ഞാനങ്ങനെ ചെയ്യില്ല), 200 ദശലക്ഷം മുസ്‍ലിംകളെ ഇവിടെ നിന്ന് പുറത്താക്കാമെന്ന് നിങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ കഴിയില്ല. അതിനു ശ്രമിച്ചാല്‍ ഇന്ത്യ കത്തും, ജി.ഡി.പി തകരും, നിങ്ങളുടെ മക്കള്‍ തൊഴില്‍രഹിതരും അരക്ഷിതരുമാവും. അവ്വിധം സ്വപ്നം കാണുന്നത് നിര്‍ത്തുക."