LiveTV

Live

National

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു; വാഹനങ്ങൾക്ക് തീയിട്ടു

വാഹനങ്ങള്‍ക്ക് തീയിട്ടത് പൊലീസ് തന്നെയെന്ന് വിദ്യാര്‍ഥികള്‍.

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു; വാഹനങ്ങൾക്ക് തീയിട്ടു

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കത്തുന്ന ഡല്‍ഹി ജാമിയ നഗറില്‍ വന്‍ സംഘര്‍ഷാവസ്ഥ. പ്രദേശത്ത് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും, ബസുകള്‍ കത്തിക്കുകയും ചെയ്തു. എന്നാല്‍ തീയിട്ടത് പൊലീസ് തന്നെയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജാമിഅ മില്ലിയ കാമ്പസിനകത്ത് പ്രവേശിച്ച പൊലീസ് അതിക്രമം തുടരുകയാണ്.

ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിലേക്ക് പൊലീസ് ലാത്തി വീശുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തില്‍ മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ് മോഹന് പരിക്കേറ്റു.

ദക്ഷിണ ഡല്‍ഹിയുടെ ഭാഗമായ ജാമിഅ നഗറില്‍ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ജാമിഅ മില്ലിയ സര്‍വകലാശാല കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം നടന്നു വരികയായിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങളില്‍ പങ്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

വാഹനങ്ങള്‍ കത്തിച്ചത് പൊലീസ് തന്നെയാണെന്ന് അറിയിച്ച വിദ്യാര്‍ഥികള്‍, ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി കാമ്പസിനകത്ത് പ്രവേശിച്ച പൊലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. ലെെബ്രറിയിലും, കാമ്പസിനകത്തെ പള്ളിയിലും പൊലീസ് അതിക്രമം നടത്തിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു; വാഹനങ്ങൾക്ക് തീയിട്ടു

പൊലീസിന്റെ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പടെയുള്ളവര്‍ പൊലീസ് ആക്രമണത്തിന് ഇരയായി. പൊലീസ് യൂണിഫോമിലില്ലാത്തവര്‍ വടിയുമായി എത്തി പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അഗ്നിശമന വാഹനങ്ങള്‍ക്കുള്‍പ്പെടെ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.

പ്രദേശത്തെ മെട്രോ സര്‍വീസും താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സുഖ്ദേവ് വിഹാർ, ആശ്രം മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടച്ചു. മെട്രോ ട്രെയിനുകൾ സുഖ്ദേവ് വിഹാറിൽ നിർത്തില്ല. പൊലീസിന്റെ നിർദേശ പ്രകാരമാണു നടപടിയെന്ന് ഡി.എം.ആര്‍.സി അറിയിച്ചു.