LiveTV

Live

National

ഡല്‍ഹിയില്‍ അഴിഞ്ഞാടി പൊലീസ്; വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം

അനുമതിയില്ലാതെയാണ് പൊലീസ് കാമ്പസിലേക്ക് പ്രവേശിച്ചതെന്ന് യൂണിവേഴ്സിറ്റി പ്രോക്ടറും അറിയിച്ചു.

ഡല്‍ഹിയില്‍ അഴിഞ്ഞാടി പൊലീസ്; വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ പൊലീസിനെതിരെ
ഗുരുതര ആരോപണം. കാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് വെടിയുതിർക്കുകയും വിദ്യാർഥികൾക്ക് നേരെ ലാത്തി ചാർജ് നടത്തുകയും ചെയ്തു. വാഹനങ്ങൾക്ക് തീയിട്ടത് പൊലീസ് തന്നെയാണെന്ന് വിദ്യാർഥികൾ പറഞ്ഞു.

സംഘർഷത്തിൽ പങ്കില്ലെന്നറിയിച്ച വിദ്യാർഥികൾ, പൊലീസ് വാഹനം കത്തിക്കുന്നതിനെ സാധൂകരിക്കുന്ന വീഡിയോകളും പുറത്ത് വിട്ടു. പൊലീസ് അതിക്രമത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്കേറ്റ വിദ്യാർഥികൾക്ക് കാമ്പസിന് പുറത്തേക്ക് വരാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് വിദ്യാർഥികൾ മീഡിയാവണിനോട് പറഞ്ഞു. അനുമതിയില്ലാതെയാണ് പൊലീസ് കാമ്പസിലേക്ക് പ്രവേശിച്ചതെന്ന് യൂണിവേഴ്സിറ്റി പ്രോക്ടറും അറിയിച്ചു.

അതിനിടെ ലെെബ്രറിയിലടക്കം പൊലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കാമ്പസിനകത്തെ പള്ളിയിലും പൊലീസ് അതിക്രമം നടന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതായി ബി.ബി.സി റിപ്പോര്‍ട്ടര്‍ എ.എന്‍.ഐയോട് പറഞ്ഞു.

സ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പടെയുള്ളവര്‍ പൊലീസ് ആക്രമണത്തിന് ഇരയായി. പൊലീസ് യൂണിഫോമിലില്ലാത്തവര്‍ വടിയുമായി എത്തി പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

ജാമിഅ നഗറിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവില്‍ നിന്നും മറ്റു യുവജന സംഘടനകളും ഡല്‍ഹിയിലെ പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.