LiveTV

Live

National

അസം മുഖ്യമന്ത്രിയെ ബഹിഷ്‌കരിച്ച് മാധ്യമങ്ങൾ, ചാനൽ ഓഫീസിൽ പൊലീസ് അതിക്രമം

മാധ്യമപ്രവർത്തകർ എത്താതിരുന്നതോടെ സൊനോവൽ ഫേസ്ബുക്ക് വീഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഇന്റർനെറ്റ് നിരോധനം നിലനിൽക്കുമ്പോള്‍ ഇത് എത്രപേർ കണ്ടു എന്നു വ്യക്തമല്ല.

അസം മുഖ്യമന്ത്രിയെ ബഹിഷ്‌കരിച്ച് മാധ്യമങ്ങൾ, ചാനൽ ഓഫീസിൽ പൊലീസ് അതിക്രമം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായ അസമിൽ, മുഖ്യമന്ത്രി സർബാനന്ദ സൊനോവലിനെ ബഹിഷ്‌കരിച്ച് മാധ്യമങ്ങൾ. മാധ്യമപ്രവർത്തകരുമായി ചർച്ച നടത്താൻ സൊനോവൽ യോഗം വിളിച്ചെങ്കിലും മൊത്തം ആറുപേർ മാത്രമാണ് പങ്കെടുത്തത്. അതിനിടെ, പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത പ്രാഗ് ന്യൂസ് ചാനലിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് പ്രതിഷേധം രേഖപ്പെടുത്തി.

ഇന്നലെ വൈകുന്നേരം മൂന്നു മണിക്കാണ് ബി.ജെ.പി മുഖ്യമന്ത്രിയായ സൊനോവൽ മാധ്യമപ്രവർത്തകരെ കാണുന്നതിനായി യോഗം വിളിച്ചത്. എന്നാൽ, അസമീസ് ഭാഷാ മാധ്യമങ്ങൾ ഏറെക്കുറെ പൂർണമായും യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ആകെ ആറു പേരാണ് യോഗത്തിന് എത്തിയതെന്നും ഇതിൽ ഒരാൾ ഡൽഹി ആസ്ഥാനമായുള്ള ഒരു മാധ്യമത്തിന്റെ പ്രതിനിധിയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

സൊനോവലുമായി സംസാരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണെന്നും സംസ്ഥാനം കത്താൻ കാരണക്കാരായവരുമായി ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്നും പ്രതിദിൻ ടൈം ചാനൽ എഡിറ്റർ നിതുമോനി സൈക്കിയ പറഞ്ഞു. മറ്റ് പത്രങ്ങളുടെയും ചാനലുകളുടെയും എഡിറ്റർമാരും ഇതേ നിലപാടാണ് കൈക്കൊണ്ടത്. യോഗം ബഹിഷ്‌കരിക്കാൻ ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നില്ലെന്നും എല്ലാവരും സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനമാണെന്നും അമർ അസം പത്രത്തിന്റെ എഡിറ്റർ പ്രസന്ത രാജ്ഗുരു പറഞ്ഞു.

അതിനിടെ, പ്രാഗ് ന്യൂസ് ചാനലിന്റെ മാധ്യമപ്രവർത്തകർക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് രംഗത്തുവന്നു. ചാനൽ ഓഫീസിന്റെ പുറത്തുണ്ടായിരുന്ന ജീവനക്കാരെ പൊലീസ് പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും ഓഫീസിൽ കയറി തെറിവിളിച്ചെന്നും ചാനൽ അധികൃതർ പറഞ്ഞു. പൊലീസ് അതിക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് എഡിറ്റേഴ്‌സ് ഗിൽഡ് പ്രസ്താവനയുമായി രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസ് മാപ്പുപറഞ്ഞു.

മാധ്യമപ്രവർത്തകർ എത്താതിരുന്നതോടെ മുഖ്യമന്ത്രി സൊനോവൽ ഫേസ്ബുക്ക് വീഡിയോയിലൂടെ ജനങ്ങളെ അഭിസംബോധ ചെയ്തു. എന്നാൽ, പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് എത്രപേർ കണ്ടു എന്നു വ്യക്തമല്ല.