LiveTV

Live

National

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായി തുടരുന്നു

തിങ്കളാഴ്ച മുതല്‍ അസമിലെ ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധിക്കാനും പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിട്ടുണ്ട്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായി തുടരുന്നു

രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായി തുടരുന്നു. അസമിലെ ജോര്‍ഹട്ടില്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീന്‍സുകിയ, ദിബ്രൂഗഡ്, ദിമാജി മേഖലകളില്‍ ജനക്കൂട്ടം തെരുവിലിറങ്ങിയതായാണ് റിപ്പോര്‍ട്ട്. തിന്‍സുകിയയില്‍ ജനക്കൂട്ടം പെട്രോള്‍ ടാങ്കറിന് തീയിട്ടു. പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാര്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ കത്തിച്ചു. പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ മുതല്‍ യൂണിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ അസമിലെ ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധിക്കാനും പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ബിഹാറില്‍ ഡിസംബര്‍ 21ന് ആര്‍ജെഡി ബന്ദ് പ്രഖ്യാപിച്ചു.

ഗുവാഹതിയില്‍ ഇന്ന് കാലത്ത് മുതല്‍ ആറ് മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നെങ്കിലും വൈകുന്നേരം മുതല്‍ നഗരത്തില്‍ വീണ്ടും നിരോധനാജ്ഞ നടപ്പിലായി. വടക്കന്‍ ജില്ലകളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷ ഭരിതമാണ്. ജോര്‍ഹട്ടില്‍ പത്താം ക്‌ളാസ് വിദ്യാര്‍ഥികളായ രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടതോടെ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതായാണ് വാര്‍ത്തകള്‍. കൊല്ലപ്പെട്ട വിദ്യാര്‍ഥികളിലൊരാളായ സാം സ്റ്റാഫോര്‍ഡിനെ തൊട്ടടുത്ത് നിന്നും മുഖത്തേക്ക് വെടിവെക്കുകയായിരുന്നുവെന്നാണ് ആരോപണം. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നേരെ അക്രമമുണ്ടായാല്‍ നോക്കി നില്‍ക്കില്ലെന്ന് ഉള്‍ഫ നേതാവ് പരേഷ് ബറുവയെ ഉദ്ധരിച്ച് പ്രാദേശിക ചാനലുകളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രണ്ടുപേരും രക്തസാക്ഷികളാണെന്നും അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും ആസു വ്യക്തമാക്കി. ഇതിനിടെ തിങ്കളാഴ്ച മുതല്‍ കലക്ടറേറ്റുകള്‍ ഉപരോധിക്കാന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ഓരോ പ്രധാന നഗരങ്ങളിലും ആയിരക്കണക്കിനാളുകളുടെ കൂട്ട സത്യാഗ്രഹങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗുവാഹതി വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥികള്‍ സത്യാഗ്രഹം ആരംഭിച്ചു. അസമിലെ സിനിമാ താരങ്ങള്‍ ബില്ലിനെതിരെ തെരുവു നാടകവുമായി രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അസമിനു പുറത്ത് അരുണാചല്‍, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളും പ്രക്ഷോഭത്തിന്റെ എരിതീയിലാണ്. പശ്ചിമ ബംഗാളിലേക്കും സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്. രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ ഇന്നലെ ജനക്കൂട്ടം തീയിട്ടു. തിങ്കളാഴ്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൗരത്വബില്ലിനെതിരെ ലക്ഷങ്ങളെ അണിനിരത്തി കൊല്‍കത്തയില്‍ പ്രകടനം നടക്കുന്നതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം കൂടുതല്‍ ശക്തമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നത്.