LiveTV

Live

National

പൗരത്വ നിയമവും സ്ത്രീ സുരക്ഷയും; മോദി സർക്കാരിന് കനത്ത താക്കീതുമായി കോൺഗ്രസിന്റെ മഹാ റാലി

പൗരത്വ നിയമം, സ്ത്രീസുരക്ഷ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം

പൗരത്വ നിയമവും സ്ത്രീ സുരക്ഷയും; മോദി സർക്കാരിന് കനത്ത താക്കീതുമായി കോൺഗ്രസിന്റെ മഹാ റാലി

പൗരത്വ നിയമവും സ്ത്രീ സുരക്ഷയും അടക്കമുള്ളവയിൽ മോദി സർക്കാരിന് കനത്ത താക്കീത് നൽകി ഡൽഹിയിൽ കോൺഗ്രസിന്റെ മഹാ റാലി. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല എന്നായിരുന്നു ബിജെപിക്കെതിരെ രാഹുൽ ഗാന്ധിയുടെ പരിഹാസം. മൗനം തുടർന്നാൽ ഇനിയും രാജ്യം ഭിന്നിക്കപ്പെടുമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മുന്നറിയിപ്പ്. സർക്കാരിനെ താഴെ ഇറക്കാനുള്ള പ്രക്ഷോഭത്തിനുള്ള സമയമായെന്നായിരുന്നു സോണിയ ഗാന്ധിയുടെ ആഹ്വാനം.

രണ്ടാം മോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ ആദ്യ പ്രതിഷേധമായിരുന്നു ഇന്നത്തേത്‌. പൗരത്വ നിയമം, സ്ത്രീസുരക്ഷ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പരിപാടിക്ക് നേതൃത്വം നൽകിയത് അധ്യക്ഷ സോണിയ ഗാന്ധി ആയിരുന്നെങ്കിലും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിർശിച്ചത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആയിരുന്നു. റേപ്പ് ഇൻ ഇൻഡ്യ പരാമർശത്തിൽ മാപ്പ് പറയണമെന്ന ബി.ജെ.പി അവശ്യത്തിന് മറുപടി നൽകിയായിരുന്നു രാഹുൽ ഗാന്ധി തുടങ്ങിയത്.

എന്തും നടക്കുന്ന രീതിയിലേക്ക് രാജ്യത്തെ മോദി സർക്കാർ മാറ്റിയെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. രാജ്യത്തെ ദുരിതത്തിലേക്ക് തള്ളിയിട്ട സർക്കാരിനെ താഴെ ഇറക്കാൻ പ്രക്ഷോഭത്തിന് സമയമായെന്ന് സോണിയ ഗാന്ധി പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്.