LiveTV

Live

National

പൗരത്വ ഭേദഗതി ബില്ല്; പ്രതിഷേധിച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെ കസ്റ്റഡിയിലെടുത്തു

ലോംങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥനെ മാര്‍ച്ച് നടക്കുന്നതിന് മുമ്പ് തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു

പൗരത്വ ഭേദഗതി ബില്ല്; പ്രതിഷേധിച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെ കസ്റ്റഡിയിലെടുത്തു

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ മുംബൈയില്‍ നടക്കുന്ന ലോംങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥിനെ മാര്‍ച്ച് നടക്കുന്നതിന് മുമ്പ് തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തന്നെ കസ്റ്റഡിയിലെടുത്ത വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ ഫോട്ടോ സഹിതം അറിയിക്കുകയായിരുന്നു. ‘പുറത്തിറങ്ങൂ… നിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തിരിച്ചുപിടിക്കൂ! അല്ലെങ്കില്‍ ഇതെന്നേക്കുമായി ഇല്ലാതാവും’ എന്നാണ് അദ്ദേഹം ഫോട്ടോക്ക് അടിക്കുറിപ്പെഴുതിയത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അസമും ത്രിപുരയുമടക്കം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അവിടെ വന്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും വ്യാപിപ്പിച്ചിരിക്കുന്നു. പ്രക്ഷോഭത്തിനിടയില്‍ അസമില്‍ വീണ്ടും വെടിവെപ്പ് നടന്നു. വെടിവെപ്പില്‍ അസമിലെ ജോര്‍ഹട്ടില്‍ രണ്ടും പേര്‍ കൊല്ലപ്പെട്ടു.

രാജ്യതലസ്ഥാനത്ത് ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.