LiveTV

Live

National

പൗരത്വ ഭേദഗതി നിയമം: അന്താരാഷ്ട്ര തലത്തിലും ഇന്ത്യക്ക് തിരിച്ചടി

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗുവാഹതിയില്‍ നിശ്ചയിച്ച കൂടിക്കാഴ്ച പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കി.

പൗരത്വ ഭേദഗതി നിയമം: അന്താരാഷ്ട്ര തലത്തിലും ഇന്ത്യക്ക് തിരിച്ചടി

പൗരത്വ ഭേദഗതി നിയമം അന്താരാഷ്ട്ര തലത്തിലും ഇന്ത്യയുടെ പ്രതിച്ഛായ കെടുത്തുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗുവാഹതിയില്‍ നിശ്ചയിച്ച കൂടിക്കാഴ്ച പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കി. ന്യൂനപക്ഷാവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്കയും ആവശ്യപ്പെട്ടു. ബംഗ്‌ളാദേശ് വിദേശകാര്യമന്ത്രിയും ധനകാര്യ മന്ത്രിയും ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത തിരിച്ചടിയായി. ഗുവാഹതിയില്‍ ഇന്തോ - ജപ്പാന്‍ ഉച്ചകോടിയുടെ വേദി നിശ്ചയിക്കുമ്പോള്‍ പൗരത്വ ബില്ലിനോടുള്ള പ്രതികരണം അസമില്‍ അനുകൂലമാവുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വന്‍ പിഴവ് സംഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്.

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ട്,  അവര്‍ ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കണം: പ്രശാന്ത് കിഷോര്‍
Also Read

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ട്,  അവര്‍ ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കണം: പ്രശാന്ത് കിഷോര്‍

അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വിലക്ക് പ്രഖ്യാപിക്കണമെന്ന യു.എസ് മതസ്വാതന്ത്ര്യ കമീഷന്റെ ആവശ്യത്തെ തുടര്‍ന്ന് രാജ്യത്ത് മത സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വൈറ്റ്ഹൗസ് ശ്രദ്ധാ പൂര്‍വ്വം വീക്ഷിച്ചു വരികയാണെന്നും അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട് വക്താവ് പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടി.

ഇതിനിടെ ബംഗ്‌ളാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ പീഡനം നടക്കുന്നുണ്ടെന്ന അമിത് ഷായുടെ പാര്‍ലമെന്റിലെ പ്രസ്താവന അയല്‍പക്ക ബന്ധത്തെ കൂടുതല്‍ വഷളാക്കി. ഷായുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബംഗ്‌ളാദേശ് വിദേശകാര്യ മന്ത്രിയും ധനകാര്യ മന്ത്രിയും ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം ഉപേക്ഷിച്ചതായി ധാക്കയില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, ബി.ബി.സി, ഗാര്‍ഡിയന്‍, ടൈംസ് മുതാലയ അന്താരാഷ്ട്ര മാധ്യമങ്ങളിലും ബില്‍ മതസ്വാതന്ത്ര്യ ലംഘനമായാണ് ചിത്രീകരിക്കപ്പെട്ടത്.