LiveTV

Live

National

അസമിലും ത്രിപുരയിലും പ്രതിഷേധം കത്തുന്നു; സൈന്യം ഇറങ്ങുന്നു

ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധം അലയടിക്കുകയാണ്

അസമിലും ത്രിപുരയിലും പ്രതിഷേധം കത്തുന്നു; സൈന്യം ഇറങ്ങുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിലും ത്രിപുരയിലും പ്രതിഷേധം ആളിക്കത്തുന്നു. പ്രതിഷേധം വ്യാപകമായതോടെ കേന്ദ്ര സര്‍ക്കാര്‍ 5000 അര്‍ധ, സൈനികരെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കയച്ചു. സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ വിഭാഗങ്ങളെയാണ് വ്യോമ മാര്‍ഗം എത്തിച്ചത്. കശ്മീരില്‍ നിന്ന് പിന്‍വലിച്ച 2000 അര്‍ധ സൈനികരും ഇതില്‍ ഉള്‍പ്പെടുന്നു.

ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധം അലയടിക്കുകയാണ്. അസമിലെ 10 ജില്ലകളില്‍ സര്‍ക്കാര്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ത്രിപുരയില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് തങ്ങളുടെ സ്വത്വത്തേയും ജീവിത മാര്‍ഗ്ഗത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് വടക്കു കിഴക്കന്‍ മേഖലയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ആശങ്ക. ഇതേ തുടര്‍ന്നാണ് ഈ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ കോളേജ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ്.