LiveTV

Live

National

അലിഗഡ് മുസ്‌ലിം യൂണിവേഴ്‍സിറ്റിയിലെ 520 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ക്യാമ്പസിന് പുറത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അലിഗഡ് മുസ്‌ലിം യൂണിവേഴ്‍സിറ്റിയിലെ 520 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ 520 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർഥികൾ നഗര ഭരണസമിതിയില്‍ നിന്ന് അനുമതി തേടാതെയാണ് പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് എസ്.പി അഭിഷേക് പറഞ്ഞു.

“പ്രതിഷേധക്കാർ കാമ്പസ് ഗേറ്റ് കടന്ന് നഗരത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അവരെ യൂണിവേഴ്‍സിറ്റിക്ക് സമീപം തടഞ്ഞു. ഇതേത്തുടര്‍ന്ന് ചില വിദ്യാർഥി നേതാക്കൾ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ചില കോൺസ്റ്റബിൾമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍, ഐ.പി.സി 188, 353 വകുപ്പുകൾ പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്,” അഭിഷേക് പറഞ്ഞു. പൊതു സ്വത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ക്യാമ്പസിന് പുറത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി നേതാവ് സൽമാൻ ഇംതിയാസ്, എ.എം.യു.എസ്.യു മുൻ പ്രസിഡന്റ് ഫൈസുൽ ഹസൻ എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് എഫ്‌.ഐ‌.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ പ്രതിഷേധത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ചില അധ്യാപകരും പിന്തുണയുമായി രംഗത്തുവന്നിരുന്നു. ബില്ലിനെ പരസ്യമായി എതിര്‍ക്കാനും പൊതുവേദികളില്‍ വെല്ലുവിളിക്കാനും വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.