LiveTV

Live

National

സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ മുന്നില്‍ ബി.ജെ.പി ജനപ്രതിനിധികള്‍

ഇത്തരം കേസുകളുള്ള ലോക്‌സഭാ എം.പിമാരുടെ എണ്ണം 2009 ല്‍ വെറും രണ്ടായിരുന്നു. എന്നാല്‍ ഇത് 2019 ആയപ്പോഴേക്കും 19 എണ്ണമായി വര്‍ധിച്ചതായും എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ മുന്നില്‍ ബി.ജെ.പി ജനപ്രതിനിധികള്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെട്ടിരിക്കുന്നത് ബി.ജെ.പി ജന പ്രതിനിധികളെന്ന് റിപ്പോര്‍ട്ട്. 21 ബി.ജെ.പി ജനപ്രതിനിധികളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിയമനടപടി നേരിടുന്നത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. 16 അംഗങ്ങള്‍. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ഏഴ് ജനപ്രതിനിധികള്‍ക്കെതിരെയാണ് കേസുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുള്ള ലോക്‌സഭാ എം.പിമാരുടെ എണ്ണം 2009 ല്‍ വെറും രണ്ടായിരുന്നു. എന്നാല്‍ ഇത് 2019 ആയപ്പോഴേക്കും 19 എണ്ണമായി വര്‍ധിച്ചതായും എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ മൂന്ന് എം.പിമാര്‍ക്കെതിരേയും ആറ് എം.എല്‍.എമാര്‍ക്കെതിരെയും ബലാത്സംഗ കേസുകളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ബലാത്സംഗ കേസില്‍ നടപടി നേരിടുന്ന 41 ഓളം പേരെ സ്ഥാനാര്‍ഥികളാക്കി മത്സരിപ്പിച്ചിട്ടുണ്ടെന്നും എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോക്സഭ, രാജ്യസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളാക്കിയ 66 പേര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നടപടി നേരിടുന്നവരായിരുന്നു. ഇക്കാലയളവില്‍ സമാന കേസുകള്‍ നേരിടുന്ന 46 പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയപ്പോള്‍ ബി.എസ്.പിയുടെ 40 സ്ഥാനാര്‍ഥികള്‍ ഇത്തരം കേസുകളില്‍ നടപടി നേരിടുന്നവരായിരുന്നു.

സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച 4,896 സത്യവാങ്മൂലങ്ങളില്‍ നിന്ന് 4,822 എണ്ണം പരിശോധിച്ചാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 759 എം.പിമാരുടേയും 4063 എം.എല്‍.എമാരുടെയും സത്യവാങ്മൂലം എ.ഡി.ആര്‍ പരിശോധനക്ക് വിധേയമാക്കി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ നേരിടുന്ന ജനപ്രതിനിധികള്‍ ഏറ്റവും കൂടുതല്‍ ബംഗാളില്‍ നിന്നാണ്. 16 ഓളം എം.പി, എം.എല്‍.എമാര്‍ക്കെതിരെയാണ് കേസുള്ളത്. ഒഡീഷയാണ് തൊട്ടുപിന്നില്‍. 12 പേര്‍.