‘പ്രതികളെ വേഗത്തിൽ ശിക്ഷിയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നു’ ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ നിര്‍ണ്ണയാക വെളിപ്പെടുത്തലുമായി മന്ത്രി
കൊലപാതകത്തിന്റെ ക്രഡിറ്റ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനാണെന്ന് മന്ത്രി ശ്രീനിവാസ യാദവ് പറഞ്ഞു

ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ, ഏറ്റുമുട്ടലിൽ പൊലീസ് വധിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മന്ത്രി. കൊലപാതകത്തിന്റെ ക്രഡിറ്റ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനാണെന്ന് മന്ത്രി ശ്രീനിവാസ യാദവ് പറഞ്ഞു. ഏറ്റുമുട്ടൽകൊലയെ കുറിച്ച് സർക്കാറിന്റെ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണമാണിത്. മുകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയുണ്ടായത്.
പ്രതികളെ വേഗത്തിൽ ശിക്ഷിയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസ യാദവ് കാര്യങ്ങൾ വിശദീകരിച്ചത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ വെടിവെച്ചുകൊന്നുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ഇതിന് വിരുദ്ധമാണ് മന്ത്രിയുടെ വിശദീകരണം. കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ, തെലങ്കാന ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും.
വിവിധ സംഘടനകളിലെ ഒമ്പത് പേരാണ് ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഹർജികൾ സുപ്രീം കോടതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിയ്ക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ ഹൈദരബാദിലെത്തി തെളിവെടുത്തു. റിപ്പോർട്ട് ഉടൻ കൈമാറും.