LiveTV

Live

National

"വെണ്ണപ്പഴമാണോ കഴിക്കുന്നത്?" "ചപ്പാത്തി നഹീ" നിര്‍മല സീതാരാമനെതിരെ പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും

ഈജിപ്തിൽ നിന്നും മറ്റും ഉള്ളി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ചോദ്യം ചെയ്ത എൻ.സി.പി എംപി സുപ്രിയ സുളെ, ഉള്ളി ഉൽപാദനം കുറയുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു

"വെണ്ണപ്പഴമാണോ  കഴിക്കുന്നത്?" "ചപ്പാത്തി നഹീ" നിര്‍മല സീതാരാമനെതിരെ പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും

അധികം ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രതിപക്ഷവും സാമൂഹ മാധ്യമങ്ങളും. ‘മേരി അന്റൊനെറ്റ് നിമിഷം’ എന്നാണ് ധനമന്ത്രിയുടെ പ്രസ്താവനയെ കോൺഗ്രസ് വിശേഷിപ്പിച്ചത്. ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വെണ്ണപ്പഴമാണോ (അവക്കാഡോ) കഴിക്കുന്നതെന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം.

' ഉള്ളി കഴിക്കില്ലെന്ന് ധനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു, അവർ എന്താണു കഴിക്കുന്നത്, അവക്കാഡോയാണോ? ഞാന്‍ പരിഹസിക്കുന്നതല്ല, അവരുടെ വാക്കുകള്‍ എടുത്തുപറഞ്ഞന്നേയുള്ളൂ. ഇപ്പോള്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നത് ചര്‍ച്ച ചെയ്തിട്ട് എന്താണ് കാര്യം. അതിനെല്ലാം നേരത്തെ പദ്ധതി തയ്യാറാക്കേണ്ടതായിരുന്നു'- ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈജിപ്തിൽ നിന്നും മറ്റും ഉള്ളി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ചോദ്യം ചെയ്ത എൻ.സി.പി എംപി സുപ്രിയ സുളെ, ഉള്ളി ഉൽപാദനം കുറയുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. മറ്റൊരു എംപി, നിങ്ങൾ ഈജിപ്ഷ്യൻ ഉള്ളി കഴിക്കാറുണ്ടോ എന്നും മന്ത്രിയോടു ചോദിച്ചു.

ഞാൻ ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ട് ഗോതമ്പിന് വില കൂടുന്നത് എനിക്ക് പ്രശ്നമില്ലെന്ന പഞ്ചാബി ഹൗസിലെ രമണന്‍റെ കഥാപാത്രത്തെ വെച്ചുകൊണ്ടുള്ള ട്രോളുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയാണ്. #SayItLikeNirmalaTai എന്ന ടാഗിലാണ് പോസ്റ്റ് ചർച്ചയാകുന്നത്.

ഉള്ളി വില വര്‍ധനവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉള്ളി കഴിക്കാറില്ലെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. ഈ സര്‍ക്കാരിന്റെ മാനസികാവസ്ഥയാണ് ആ പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഉള്ളി വില സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിവാദ പരാമര്‍ശം നടത്തിയത്. താന്‍ ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കാറില്ലെന്നും ഉള്ളി അധികം ഉപയോഗിക്കാത്ത കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.