LiveTV

Live

National

അഭിഭാഷകനോട് മാപ്പ് പറയാൻ തയ്യാറാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര

ജസ്റ്റിസ് മിശ്രയുടെ കോടതിയിൽ വരാൻ ജൂനിയർ അഭിഭാഷകർ വരാൻ മടിക്കുന്നു എന്ന് റോത്തഗിയും അരുൺ മിശ്ര മിതത്വം പാലിക്കണം എന്ന് കപിൽ സിബലും ആവശ്യപ്പെട്ടു

അഭിഭാഷകനോട് മാപ്പ് പറയാൻ തയ്യാറാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര

അഭിഭാഷകനെതിരായ കോടതി അലക്ഷ്യ ഭീഷണിയിൽ മാപ്പ് പറയാൻ തയ്യാറെന്ന് സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് അരുൺ മിശ്ര. കോടതി അലക്ഷ്യ നടപടികൾ ആർക്കെതിരെയും കൈക്കൊണ്ടിട്ടില്ല. ഭൂമിയേറ്റെടുക്കല്‍ കേസ് വാദത്തിനിടെ അഭിഭാഷകൻ ഗോപാൽ ശങ്കര നാരായണനോട് അരുൺ മിശ്ര പ്രകോപിതനായിരുന്നു.

ഇക്കാര്യത്തിൽ അഭിഭാഷകർ നേരിട്ട് പ്രതിഷേധം അറിയിച്ചപ്പോഴായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം ഭൂമിയേറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

അഭിഭാഷൻ ഗോപാൽ ശങ്കര നാരായൺ വാദങ്ങള്‍ ആവര്‍ത്തിക്കുന്നതിൽ ജസ്റ്റീസ് അരുൺ മിശ്ര അതൃപ്തി അറിയിച്ചിരുന്നു. ഇതിന് ഗോപാല്‍ ശങ്കരനാരായണന്‍ മറുപടി നൽകിയതോടെ ജസ്റ്റിസ് മിശ്ര പ്രകോപിതനായി. കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഭീഷണി ഉയർത്തി. തുടർന്നാണ് മുതിർന്ന അഭിഭാഷകരടക്കം ജസ്റ്റിസ് മിശ്രയുടെ കോടതിയിൽ നേരിട്ടെത്തി പ്രതിഷേധം അറിയിച്ചത്. ജസ്റ്റിസ് മിശ്രയുടെ കോടതിയിൽ വരാൻ ജൂനിയർ അഭിഭാഷകർ വരാൻ മടിക്കുന്നു എന്ന് റോത്തഗിയും അരുൺ മിശ്ര മിതത്വം പാലിക്കണം എന്ന് കപിൽ സിബലും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മാപ്പ് പറയാൻ തയ്യാറാണെന്ന് ജസ്റ്റിസ് മിശ്ര അറിയിച്ചത്. പല കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്ന സമ്മർദ്ദം ഉണ്ട്. തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ 100 തവണ മാപ്പ് പറയുന്നുവെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. കോടതി അലക്ഷ്യ നടപടികൾ കൈക്കൊണ്ടിട്ടില്ല. ജുഡീഷ്യറിയേക്കാൾ തനിക്ക് ആദരം നൽകുന്നത് അഭിഭാഷക സമൂഹമാണ്. ഇരു പക്ഷത്ത് നിന്നും നല്ല പെരുമാറ്റം വേണം എന്നും ചില അഭിഭാഷകർ ധിക്കാരം ഉള്ളവർ ആണ് എന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മിശ്രയ്ക്ക് പിന്തുണയുമായി ബാർ കൗണ്സിൽ ഓഫ് ഇന്ത്യ രംഗത്ത് എത്തിയിട്ടുണ്ട്. ജസ്റ്റിസ് മിശ്രയെ ചിലർ ലക്ഷ്യമാക്കുകയാണെന്ന് ബാർ കൗണ്സിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.