LiveTV

Live

National

ബാബരി പുനഃപരിശോധന ഹരജിയില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി ‌ അഭിഭാഷകന്‍

തനിക്ക് ആരോഗ്യപരമായ ‌പ്രശ്നങ്ങളുണ്ടെന്ന ഹരജിക്കാരന്‍റെ പ്രചാരണം പച്ചക്കള്ളമാണെന്നും രാജീവ് ധവാന്‍

ബാബരി പുനഃപരിശോധന ഹരജിയില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി ‌ അഭിഭാഷകന്‍

ബാബരി പുനഃപരിശോധന ഹരജിയില്‍ നിന്നും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഒഴിവാക്കിയെന്ന ആരോപണവുമായി ‌മുസ്ലിംകക്ഷികളുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍. തനിക്ക് ആരോഗ്യപരമായ ‌പ്രശ്നങ്ങളുണ്ടെന്ന ഹരജിക്കാരന്‍റെ പ്രചാരണം പച്ചക്കള്ളമാണെന്നും രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ജംഇയ്യത്ത് സ്ഥിരീകരിച്ചിട്ടില്ല. രാജീവ് ധവാനെ അനുനയിപ്പിക്കാന്‍ അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോഡ് ശ്രമം തുടരുകയാണ്.

പുനഃപരിശോധന ഹരജിയുടെ കരട് തയ്യാറാക്കിയത് രാജീവ് ധവാന്‍റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ മുസ്‍ലിം കക്ഷികളുടെ അഡ്വക്കറ്റ് ഓണ്‍ റെക്കോഡായ ഇജാസ് മഖ്ബൂൽ കരടില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഇതിന് പുറമെ കേസില്‍ പുനഃപരിശോധന ഹരജി നല്‍കിയ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷദ് മദനി രാജീവ് ധവാന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇക്കാര്യം അംഗീകരിക്കുന്നതായി കാണിച്ച് ജംഇയ്യത്തിന് താന്‍ കത്തയച്ചിട്ടുണ്ടെന്നും രാജീവ് ധവാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ജംഇയ്യത്തിന് വേണ്ടി ഹാജരാകില്ലെങ്കിലും കേസിലെ മറ്റ് കക്ഷികള്‍ക്ക് വേണ്ടി രാജീവ് ധവാന്‍ ഹാജരായേക്കും. രാജീവ് ധവാനെ അനുനയിപ്പിക്കാന്‍ അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോഡ് ശ്രമമാരംഭിച്ചിട്ടുണ്ട്. രാജീവ് ധവാന്‍ കേസില്‍ ആത്മാര്‍ത്ഥമായി നിലകൊണ്ട വ്യക്തിയാണ്. അദ്ദേഹം തങ്ങള്‍ക്ക് വേണ്ടി ഹാജരാകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോഡ് ‌വ്യക്തമാക്കി.

ജംഇയ്യത്തിന് വേണ്ടി പുനഃപരിശോധന ഹരജി നല്‍കിയ അഭിഭാഷകന്‍ ഇജാസ് മഖ്ബൂലിന്‍റെ നിലപാടിനെ ബോഡ് തള്ളി. ഇജാസ് മഖ്ബൂലിന്‍റെ നടപടി ദുഖഃകരമാണെന്നും ബോഡ് ട്വീറ്റ് ചെയ്തു. ബോഡ് ഇന്ന് ഡൽഹിയില്‍ യോഗം ചേരുന്നുണ്ട്.