LiveTV

Live

National

‘മാന്ദ്യം താത്ക്കാലികം, സര്‍ക്കാര്‍ നയങ്ങളുടെ ഫലം അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്നുതുടങ്ങും’

‘ആഗോള കമ്പനികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടമാണ് ഇന്ത്യ’

‘മാന്ദ്യം താത്ക്കാലികം, സര്‍ക്കാര്‍ നയങ്ങളുടെ ഫലം അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്നുതുടങ്ങും’

രാജ്യത്തെ മാന്ദ്യം താത്ക്കാലിക പ്രതിഭാസമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 2014ന് മുമ്പുണ്ടായിരുന്ന സാമ്പത്തിക നയങ്ങളുടെ ഫലമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതെന്നും അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സാമ്പത്തിക വളര്‍ച്ചയുടെ പുതിയ തലം തുടങ്ങുകയാണെന്നും അമിത ഷാ പറഞ്ഞു. മുബൈയില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

2014ന് മുമ്പ് നയപരമായ മുരടിപ്പും അഴിമതിയും നിറഞ്ഞ കാലമായിരുന്നു സമ്പദ്‍വ്യവസ്ഥക്ക്. അതില്‍ നിന്നുള്ള മാറ്റമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് അതിന്റെ ഫലം വന്ന് തുടങ്ങുമെന്നും ഷാ പറഞ്ഞു.

രാജ്യത്തിന്റെ ജി.ഡി.പിക്ക് 60 ശതമാനം സംഭാവന നല്‍കുന്ന വ്യവസായ മേഖല, 5 ട്രില്യണ്‍ ഡോളര്‍ എക്കോണമിയെന്ന സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോഴുള്ള മാന്ദ്യം താത്ക്കാലികം മാത്രമാണ്.

ആഗോള കമ്പനികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടമാണ് ഇന്ത്യ. ബിസിനസ് തുടങ്ങാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ 142ാം സ്ഥാനത്തായിരുന്ന ഇന്ത്യ, 5 വര്‍ഷം കൊണ്ട് 77ല്‍ എത്തിയത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു. പട്ടികയില്‍ 30നുള്ളില്‍ എത്താനാകുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.