LiveTV

Live

National

ജാർഖണ്ഡ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഉച്ചവരെ 35 ശതമാനമാണ് പോളിംഗ് 

ജാർഖണ്ഡ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉച്ചവരെ 35 ശതമാനമാണ് പോളിംഗ്. സഖ്യകക്ഷികളില്ലാത്ത ബി.ജെ.പിയും കോണ്‍ഗ്രസ് - ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച --ആര്‍.ജെ.ഡി സഖ്യവും തമ്മിലാണ് പോരാട്ടം.

സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി കസേരയില്‍ രഘുബര്‍ ദാസ് അഞ്ചു വര്‍ഷ കാലാവധി ഒറ്റക്ക് പൂര്‍ത്തിയാക്കിയതെങ്കിലും ബി.ജെ.പിക്കെതിരെ ശക്തമായ ജനവികാരമാണ് ജാര്‍ഖണ്ഡില്‍ നിലനില്‍ക്കുന്നത്. സഖ്യകക്ഷികള്‍ കയ്യൊഴിഞ്ഞ ബി.ജെ.പിക്കെതിരെ കടുത്ത മല്‍സരമാണ് കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും രാഷ്ട്രീയ ജനതാദളും ചേര്‍ന്ന് രൂപീകരിച്ച മുന്നണി കാഴ്ച വെക്കുന്നത്. നിലവിലുള്ള സര്‍ക്കാറിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ രാമചന്ദ്ര ചന്ദ്രവംശിയാണ് ബി.ജെ.പിക്കു വേണ്ടി ഈ ഘട്ടത്തില്‍ മല്‍സരരംഗത്തുള്ളവരില്‍ പ്രമുഖന്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ രാമേശ്വര്‍ ഓറോണ്‍ ആണ് പ്രതിപക്ഷ നിരയിലെ പ്രമുഖന്‍. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുന്‍ പി.സി.സി അധ്യക്ഷന്‍ സുഖദേവ് ഭഗത്തിനെയാണ് ഓറോണ്‍ എതിരിടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായിരുന്ന ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ജെ.എസ്.യു) ഇത്തവണ ബി.ജെ.പിയോടൊപ്പമില്ല. ബീഹാറിലെ ബി.ജെ.പി സഖ്യകക്ഷികളായ ലോക് ജന്‍ശക്തി പാര്‍ട്ടിയും ജനതാദള്‍ യുനൈറ്റഡും ജാര്‍ഖണ്ഡില്‍ സ്വന്തം വഴികളിലാണ്. മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാധാകൃഷ്ണ കിശോര്‍ പോലും ബി.ജെ.പിക്കെതിരെ എ.ജെ.എസ്.യു ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. മഹാരാഷ്ട്രക്കു പിന്നാലെ ബി.ജെ.പിക്ക് ഇത്തവണ ഭരണം നഷ്ടപ്പെടാനിടയുള്ള സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യമാകട്ടെ കടലാസില്‍ ശക്തവുമാണ്.

13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനമുണ്ടാകുക. മഹാരാഷ്ട്രക്ക് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെുപ്പായതിനാല്‍ തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമാണ്. 12 സീറ്റുകളില്‍ ബി.ജെ.പി ഒറ്റക്കാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ് 6 സീറ്റുകളിലും, ജെ.എം.എം 4 സീറ്റിലും, ആർ.ജെ.ഡി 3 സീറ്റിലും മത്സരിക്കുന്നു.