LiveTV

Live

National

സത്യപ്രതിജ്ഞക്കൊരുങ്ങുന്ന ഉദ്ധവ് താക്കറെയ്ക്കു മുന്നിൽ വെല്ലുവിളിയുമായി ബി.ജെ.പി

സ്പീക്കര്‍ സ്ഥാനത്തിന് സേന-എൻ.സി.പി-കോൺഗ്രസ് സഖ്യം നാനാ പത്തോലെയെ പിന്തുണക്കുമ്പോൾ കിഷൻ കത്തോർ ആണ് ബി.ജെ.പിയുടെ സ്ഥാനാർത്ഥി.

സത്യപ്രതിജ്ഞക്കൊരുങ്ങുന്ന ഉദ്ധവ് താക്കറെയ്ക്കു മുന്നിൽ വെല്ലുവിളിയുമായി ബി.ജെ.പി

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ വിശ്വാസവോട്ട് തേടാനിരിക്കെ വെല്ലുവിളിയുമായി ബി.ജെ.പി. വിശ്വാസവോട്ടെടുപ്പ് രഹസ്യബാലറ്റിൽ നടത്തുകയാണെങ്കിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി.ജെ.പി മഹാരാഷ്ട്ര പ്രസിഡണ്ട് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കുന്നതുവരെയുള്ള പ്രോട്ടെം സ്പീക്കർ എൻ.സി.പിയുടെ ദിലീപ് വൽസെ പാട്ടീൽ ആണെന്നതിനാൽ രഹസ്യവോട്ടെടുപ്പിന് സാധ്യതയില്ല.

ഡിസംബർ മൂന്നിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ഭഗത് സിംഗ് കൊഷ്യാരി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത് എത്രയും വേഗം നടത്താൻ ശിവസേനയും എൻ.സി.പിയും കോൺഗ്രസുമടങ്ങുന്ന മഹാ വികാസ് ആഘഡി തീരുമാനിക്കുകയായിരുന്നു. ചില സ്വതന്ത്രരുടെ പിന്തുണടക്കം വിശ്വാസ വോട്ടെടുപ്പിൽ 165 വോട്ട് ലഭിക്കുമെന്നാണ് ആഘഡിയുടെ കണക്കുകൂട്ടൽ. ഭരണം ഉറപ്പാക്കാൻ 145 പേരുടെ പിന്തുണ മതി.

സുപ്രീംകോടതി നിർദേശപ്രകാരം തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. നാടകീയ നീക്കങ്ങളോടെ സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചതിനു ശേഷം ഉദ്ധവ് താക്കറെ വ്യാഴാഴ്ച വൻസന്നാഹങ്ങളോടെ സത്യപ്രതിജ്ഞ ചെയ്തു. പുതിയ സ്പീക്കർ നാളെ തെരഞ്ഞെടുക്കപ്പെടും. സേന-എൻ.സി.പി-കോൺഗ്രസ് സഖ്യം നാനാ പത്തോലെയെ പിന്തുണക്കുമ്പോൾ കിഷൻ കത്തോർ ആണ് ബി.ജെ.പിയുടെ സ്ഥാനാർത്ഥി.