മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെക്ക് കടമ്പകളേറെ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലടക്കം മഹാരാഷ്ട്രയില്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളെ മഹാ വികാസ് അഖാഡി ഒരുമിച്ചു നേരിട്ടാല്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് തിരിച്ചു വരിക അസാധ്യമായി മാറും.

മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ഉദ്ധവ് താക്കറെക്ക് കോണ്‍ഗ്രസിനെയും എന്‍.സി.പിയേയും ഒപ്പം നിര്‍ത്താനായാല്‍ പലതരം വെല്ലുവിളികളാണ് വരും ദിവസങ്ങളില്ബി.ജെ.പിയെ കാത്തുനില്‍ക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലടക്കം മഹാരാഷ്ട്രയില്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളെ മഹാ വികാസ് അഖാഡി ഒരുമിച്ചു നേരിട്ടാല്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് തിരിച്ചു വരിക അസാധ്യമായി മാറും. ഇതരപാര്‍ട്ടി നേതാക്കളെ വേട്ടയാടുന്ന ശൈലി അവസാനിപ്പിക്കാനും ബി.ജെ.പി നിര്‍ബന്ധിതമാകും. എന്‍.ഡി.എക്കകത്താണ് ബി.ജെ.പി ഇനി മുതല്‍ കാര്യമായ പുനരാലോചനകള്‍ നടത്തേണ്ടി വരിക. 2018 വരെ ഇന്ത്യയുടെ ഭൂപടം നിറഞ്ഞു നിന്ന ബി.ജെ.പി സര്‍ക്കാറുകള്‍ യു.പിക്കും കര്‍ണാടകക്കും പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ചില ചെറിയ സംസ്ഥാനങ്ങളിലേക്കും മാത്രമായി ഒതുങ്ങുകയാണ്.
ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി വിരുദ്ധ സര്‍ക്കാറുകളാണ് ഇപ്പോള്‍ കൂടുതലുള്ളത്. രാജ്യത്തെ മൊത്തം എം.എല്‍.എമാരുടെ നാലില്‍ മൂന്നും മറ്റു പാര്‍ട്ടികളില്‍ നിന്നാണ്. അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പിക്ക് അനുകൂലമായി മാറേണ്ടിയിരുന്ന രാജ്യസഭയിലെ ചിത്രത്തെയാണ് മഹാരാഷ്ട്രയിലെ മാറ്റം ഏറ്റവുമാദ്യം ബാധിക്കാന്‍ പോകുന്നത്. മഹാരാഷ്ട്രയിലെ സഖ്യം അസ്വാരസ്യങ്ങളില്ലാതെ പിടിച്ചു നിന്നാല്‍ ജാര്‍ഖണ്ട്, ദല്‍ഹി തെരഞ്ഞെടുപ്പുകളിലും ശേഷവും പുതിയ കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടു കൂടായികയില്ല.
അജിത് ചവാന്റെ അഴിമതി കേസുകള്‍ പിന്‍വലിച്ച സാഹചര്യം മുന്‍ നിര്‍ത്തി ലാലുവും ചിദംബരവും ബി.ജെ.പിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരകളാണെന്ന ആരോപണവും പാര്‍ട്ടി നേരിടേണ്ടി വരും. ജസ്റ്റിസ് ലോയ മരണവും പ്രഗ്യാ സിംഗ് താക്കുറിന്റെ ഭീകരവാദ കേസുകളും പുനരന്വേഷിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാറിന് കഴിയുമെന്നതും ബി.ജെ.പിക്ക് കടുത്ത പ്രതിസന്ധി തീര്‍ക്കും. എല്ലാറ്റിനുമുപരി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ കോര്‍പറേറ്റ് സമവാക്യങ്ങളെ ഉദ്ധവ് സര്‍ക്കാര്‍ ബുദ്ധിപരമായി ഉപയോഗിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതുതായി കൊണ്ടുവന്ന ഇലക്ഷന് ബോണ്ടുകള്‍ ഉള്‍പ്പടെ ബി.ജെ.പി ഏകപക്ഷീയമായി കയ്യടക്കിയ ഫണ്ട് സമഹാരണവും പഴങ്കഥയാവും.