‘സത്യസന്ധതക്കുള്ള പ്രതിഫലം അപമാനം’; 28 വര്‍ഷത്തെ സര്‍വീസിനിടെ 53 മത്തെ സ്ഥലംമാറ്റം കിട്ടിയ ഒരു ഐ.എ.എസ് ഓഫീസര്‍
തന്റെ കരിയറില്‍ 50 ലേറെ തവണ സ്ഥലംമാറ്റം ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് ഖേംക ഒടുവില്‍ വികാര ഭരിതനായാണ് പ്രതികരിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം അനിവാര്യമാണ്. പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ രാജ്യത്തിന്റെ പലഭാഗത്തും ജോലി ചെയ്യേണ്ടി വരും. ചിലപ്പോള്‍ ചില സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ വന്നാല്‍ അവരെ തേടി സ്ഥിരം സ്ഥലംമാറ്റങ്ങള്‍ എത്തിക്കൊണ്ടേയിരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ നോട്ടപ്പുള്ളിയായാല്‍ പിന്നെ പറയുകയും വേണ്ട. ശരാശരി വര്‍ഷത്തില്‍ ഒരു സ്ഥലംമാറ്റം എന്ന നിലയിലാണെങ്കില്‍ പോലും സഹിക്കാം. പക്ഷേ 28 വര്‍ഷത്തെ സര്‍വീസിനിടെ 53 തവണ സ്ഥലംമാറ്റം ലഭിച്ചാലോ ?
തന്റെ കരിയറില്‍ 50 ലേറെ തവണ സ്ഥലംമാറ്റം ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് ഖേംക ഒടുവില്‍ വികാര ഭരിതനായാണ് പ്രതികരിച്ചിരിക്കുന്നത്. “സത്യസന്ധതയ്ക്കുള്ള പ്രതിഫലം അപമാനമാണ്” എന്ന് അശോക് പറയുന്നു. അശോക് ഖേംക ഉൾപ്പെടെ 14 ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് ഹരിയാന സർക്കാർ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. “വീണ്ടും അതേ കാര്യം തന്നെ സംഭവിച്ചിരിക്കുന്നു. ഇന്നലെയാണ് ഭരണഘടനാ ദിനം ആഘോഷിച്ചത്. ഇന്ന്, സുപ്രിംകോടതിയുടെ ഉത്തരവുകളും നിയമങ്ങളും ഒരിക്കല്‍ കൂടി ലംഘിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ക്ക് സന്തോഷമായി കാണും,” അശോക് ട്വീറ്റ് ചെയ്തു. “സത്യസന്ധതയ്ക്കുള്ള പ്രതിഫലം അപമാനമാണ്,” എന്നും ട്വീറ്റില്‍ പറയുന്നു.
ഈ വര്‍ഷം മാർച്ചിലാണ് അശോകിനെ ഹരിയാനയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. പുതിയ സ്ഥലംമാറ്റ ഉത്തരവ് പ്രകാരം അടുത്ത നിയമനം പുരാവസ്തു, മ്യൂസിയം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഒരു മാസം മുമ്പ് അധികാരത്തിൽ വന്ന ബി.ജെ.പി-ജെ.ജെ.പി സർക്കാർ ഉത്തരവിട്ട ആദ്യത്തെ പ്രധാന ഭരണ പുനസംഘടനയാണിത്. സ്ഥലംമാറ്റം ഉടനടി പ്രാബല്യത്തിൽ വരും.