LiveTV

Live

National

ഗോഡ്സെ ദേശസ്നേഹിയെന്ന പരാമര്‍ശം; പ്രഗ്യാ സിങിനെ പാര്‍ലമെന്ററി പ്രതിരോധ സമിതിയില്‍ നിന്നും പുറത്താക്കി

എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. 

ഗോഡ്സെ ദേശസ്നേഹിയെന്ന പരാമര്‍ശം; പ്രഗ്യാ സിങിനെ പാര്‍ലമെന്ററി പ്രതിരോധ സമിതിയില്‍ നിന്നും പുറത്താക്കി

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ ദേശസ്നേഹിയാണെന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി. എം.പി പ്രഗ്യാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി പ്രതിരോധ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. പ്രഗ്യയുടെ പരാമര്‍ശം അപലപനീയമെന്ന് ബി.ജെ.പി പ്രതികരിച്ചു. ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നില്ലെന്നും ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ''വൈ ഐ കില്‍ഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രഗ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യ നടത്തിയത്. ഭോപാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ പ്രഗ്യാ സിങ് ഠാക്കൂര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നു. 'ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇന്നും ആണ്, എന്നും അങ്ങനെയായിരിക്കും' എന്നാണു പ്രഗ്യ പറഞ്ഞത്.