LiveTV

Live

National

വിവാദ പരാമര്‍ശം; താന്‍ ഉദ്ദേശിച്ചത് ആര്‍.എസ്.എസിനെയാണെന്ന് രാജീവ് ധവാന്‍

ഹിന്ദുക്കൾ മാത്രമാണ് രാജ്യത്ത് സമാധാനം തകർക്കുന്നത്. മുസ്‌ലിംകൾ ഒരിക്കലും അത് ചെയ്യില്ല”-എന്നായിരുന്നു രാജീവ് ധവാന്റെ വിവാദ പ്രസ്താവന

വിവാദ പരാമര്‍ശം; താന്‍ ഉദ്ദേശിച്ചത് ആര്‍.എസ്.എസിനെയാണെന്ന് രാജീവ് ധവാന്‍

രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി അഭിഭാഷകനായ രാജീവ് ധവാൻ. ബാബരി ഭൂമി തര്‍ക്ക കേസില്‍ മുസ്‌ലിം വിഭാഗത്തിന് വേണ്ടി വാദിച്ച അഭിഭാഷകനാണ് രാജീവ് ധവാൻ. "ഹിന്ദുക്കൾ മാത്രമാണ് രാജ്യത്ത് സമാധാനം തകർക്കുന്നത്. മുസ്‌ലിംകൾ ഒരിക്കലും അത് ചെയ്യില്ല"-എന്നായിരുന്നു രാജീവ് ധവാന്റെ വിവാദ പ്രസ്താവന. ടൈംസ് നൗ ആണ് ധവാന്റെ ഈ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.

ബാബരി വിധിയിൽ മുസ്‌ലിം വിഭാഗം റിവ്യൂ ഹരജി നൽകുന്നില്ലെന്നും അനീതി സംഭവിച്ചിരിക്കുന്നത് മുസ്‌ലിംകൾക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി രാജീവ് ധവാന്‍ രംഗത്തുവന്നത്. ഈ പരാമർശം നിഷേധിച്ച അദ്ദേഹം റിപ്പോര്‍ട്ടിനെ 'ചാനല്‍ ദ്രോഹം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. "ഇത് ചാനല്‍ ദ്രോഹമാണ്. ഞാൻ ഹിന്ദുക്കളെക്കുറിച്ച് സംസാരിച്ചപ്പോൾ, ഹിന്ദുക്കള്‍ എന്നത് പൊതുവായ അര്‍ത്ഥത്തിലല്ല പറഞ്ഞത്. ആയിരുന്നെങ്കില്‍ അത് ഞാന്‍ കൂടി ഉള്‍പ്പെടുത്തുന്ന തരത്തിലാകുമായിരുന്നു. ബാബരി കേസില്‍ സംഘ പരിവാറിന്റെ ബന്ധത്തെ കുറിച്ച് സംസാരിക്കുന്ന സന്ദര്‍ഭത്തിലാണ് ഞാന്‍ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചത്. ബാബരി മസ്‍ജിദ് തകര്‍ത്തത് ഹിന്ദു താലിബാനാണെന്ന് കോടതിയിൽ ഞാൻ പറഞ്ഞിരുന്നു. അക്രമം അഴിച്ചുവിടുകയും ആള്‍ക്കൂട്ട കൊല നടത്തുകയും മുസ്‍ലിം പള്ളികള്‍ തകര്‍ക്കുകയും ചെയ്യുന്ന സംഘപരിവാറിലെ വിഭാഗങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്.'' - രാജീവ് ധവാന്‍ പറഞ്ഞു.

ബാബരി കേസ് വിധിയിൽ പുനപരിശോധനാ ഹരജി സമർപ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ധവാന്റെ പ്രസ്താവന. 'ഭരണഘടനാപരമായ അവകാശം ഉപയോഗിച്ച് ഡിസംബർ ആദ്യവാരത്തിൽ റിവ്യൂ ഹരജി നൽകും. സുന്നി വഖഫ് ബോഡിന്റെ നിലപാട് ഞങ്ങൾക്ക് നിയമപരമായി തടസമാകില്ല. എല്ലാ മുസ്‌ലിം സംഘടനകളും ഒറ്റക്കെട്ടാണ്.'-എന്നായിരുന്നു എ.ഐ.എം.പി.എൽ.ബിയുടെ പ്രസ്താവന.