LiveTV

Live

National

‘അജിത് പവാറിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നു, അയാള്‍ അഴിമതി കേസ് പ്രതിയല്ലേ’ - മുന്‍ ബി.ജെ.പി മന്ത്രി

ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ അടുത്തിടെ അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

‘അജിത് പവാറിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നു, അയാള്‍ അഴിമതി കേസ് പ്രതിയല്ലേ’ - മുന്‍ ബി.ജെ.പി മന്ത്രി

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനയുടെ ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, മുതിർന്ന ബി.ജെ.പി നേതാവും മുൻ സംസ്ഥാനമന്ത്രിയുമായ ഏകനാഥ് ഖട്സെ, അജിത് പവാറിനെതിരെ രംഗത്ത്. എന്‍.സി.പി തലവന്‍ ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാറിനെ ബി.ജെ.പി വിശ്വസിക്കരുതായിരുന്നുവെന്നാണ് ഖട്സെയുടെ പ്രതികരണം.

''അജിത് പവാറിന്റെ പിന്തുണ ബി.ജെ.പി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജലസേചന കുംഭകോണക്കേസിലെ പ്രതിയായ അജിത് പവാര്‍ നിരവധി ആരോപണങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾ അദ്ദേഹവുമായി സഖ്യമുണ്ടാക്കരുതായിരുന്നു.'' ഏകനാഥ് ഖട്സെ പറഞ്ഞു. എക്സൈസ്, ഫിഷറീസ് തുടങ്ങിയ നിരവധി വകുപ്പുകളുടെ മന്ത്രിയായിട്ടുള്ള നേതാവാണ് ഖട്സെ.

അജിത് പവാർ പ്രതിയായ ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ അടുത്തിടെ അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയില്‍ അജിത് പവാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയായിരുന്നു ഈ കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചത്. ഇത് ബി.ജെ.പിയുടെ പ്രത്യുപകാരമാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാൽ അവസാനിച്ച ഒമ്പത് കേസുകള്‍ക്കും അജിത് പവാറുമായി ബന്ധമില്ലെന്ന് പിന്നീട് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ പ്രതിനിധി വ്യക്തമാക്കിയിരുന്നു.