LiveTV

Live

National

പ്രതിപക്ഷ നേതാക്കളുടെ എസ്.പി.ജി സുരക്ഷ എടുത്തുകളഞ്ഞതിനെ ന്യായീകരിച്ച് അമിത്ഷാ

പ്രധാനമന്ത്രിക്കും കുടുംബത്തിനും മാത്രമായിരിക്കും പുതിയ നിയമ ഭേദഗതിയനുസരിച്ചുള്ള എസ്.പി.ജി സുരക്ഷ

പ്രതിപക്ഷ നേതാക്കളുടെ എസ്.പി.ജി സുരക്ഷ എടുത്തുകളഞ്ഞതിനെ ന്യായീകരിച്ച് അമിത്ഷാ

സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ എസ്.പി.ജി സുരക്ഷയെടുത്തു കളഞ്ഞ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സമൂഹത്തിലെ അന്തസിന്‍റെ ചിഹ്നാമായി മാറിയ എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി പരിമിതപ്പെടുത്തിയ ‌നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമഭേദഗതി വരുന്നതിന് മുന്‍പ് തന്നെ എസ്.പി.ജി സുരക്ഷ എടുത്തുകളഞ്ഞത് ന്യായീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

പ്രധാനമന്ത്രിക്കും കുടുംബത്തിനും മാത്രമായിരിക്കും പുതിയ നിയമ ഭേദഗതിയനുസരിച്ചുള്ള എസ്.പി.ജി സുരക്ഷ. മുന്‍ പ്രധാനമന്ത്രിക്ക് അഞ്ച് വര്‍ഷം കൂടി എസ്.പി.ജി സുരക്ഷ ലഭിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് പുതിയ ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ എടുത്തുകളഞ്ഞതിനെ അമിത്ഷാ ന്യായീകരിച്ചു. ചിലര്‍ക്ക് ഗാന്ധി കുടുംബത്തെക്കുറിച്ച് മാത്രമാണ് വ്യാകുലതയുള്ളത്. നേരത്തെ പലരുടെയും സുരക്ഷ എടുത്തുകളഞ്ഞപ്പോള്‍ ഇല്ലാത്ത വ്യാകുലതയാണ് ഇപ്പോഴുള്ളതെന്ന് അമിത്ഷാ പ്രതിപക്ഷത്തെ വിമര്‍ശിച്ചു.

എസ്.പി.ജി സുരക്ഷ ശാരീരിക സംരക്ഷണത്തിന് മാത്രമുള്ളതല്ല. അത് സമൂഹത്തിലെ അന്തസിന്‍റെ കൂടി ഭാഗമാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് മാത്രമായി അത് പരിമിതപ്പെടുത്തുന്നത്. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ സുരക്ഷ മാത്രം മുന്നിൽ കണ്ട് കൊണ്ടുവന്ന ആദ്യത്തെ എസ്പിജി നിയമഭേദഗതിയാണിതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിയമഭേദഗതി കൊണ്ടുവരുന്നതിന് മുന്പ് തന്നെ സുരക്ഷ എടുത്തുകളയുകയാണ് കേന്ദ്രം ചെയ്തതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.