ബാബരി ഭൂമി തര്‍ക്ക കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്
പള്ളിക്കായി നിര്‍ദേശിച്ച ഭൂമി സ്വീകരിക്കുന്നതില്‍ തീരുമാനം പിന്നീടെന്ന് ലക്നൗവില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് വ്യക്തമാക്കി
ബാബരി ഭൂമി തര്‍ക്ക കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡിലെ 8 അംഗങ്ങളില്‍ 6 പേര് പുനഃപരിശോധന നീക്കത്തെ എതിര്‍ത്തു. അതേസമയം യോഗതീരുമാനത്തിനെതിരെ ഒരു ബോര്‍ഡംഗം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിക്കായി നിര്‍ദേശിച്ച ഭൂമി സ്വീകരിക്കുന്നതില്‍ തീരുമാനം പിന്നീടെന്ന് ലക്നൗവില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് വ്യക്തമാക്കി.
അയോധ്യ ബാബറി തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് പ്രധാന കക്ഷിയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെതിരെ സുന്നി വഖഫ് ബോര്‍ഡ് ചെയര്മാന് സുഫര്‍ ഫറൂഖി രംഗത്ത് വന്നിരുന്നു. എന്നാല്‍ മറ്റ് ബോര്‍ഡംഗങ്ങള്‍ ചെയര്‍മാന്റെ നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
അതേസമയം അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തര്‍ക്ക സ്ഥലത്തിന് പകരമായി അയോധ്യയില്‍ പള്ളി നല്കുന്ന ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.