LiveTV

Live

National

ആര് വീഴും, ആര് വാഴും ? കുതന്ത്രങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം

എന്‍.സി.പിയിലെ 13 എം.എല്‍.എമാര്‍ അസംതൃപ്തരായി മാറി നില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇവരിലാരും ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയതായി സൂചനകളില്ല.

ആര് വീഴും, ആര് വാഴും ? കുതന്ത്രങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം

കുതിരക്കച്ചവട സാധ്യതകളെ ഇല്ലാതാക്കിയ സുപ്രീംകോടതി ഉത്തരവിനു ശേഷം മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഇനി ബാക്കിയുള്ളത് ഏതാനും മണിക്കൂറുകള്‍ മാത്രം. കുതന്ത്രങ്ങളിലൂടെ ഫട്‌നാവിസ് പിടിച്ചു നില്‍ക്കുമോ അതോ രാജിവെച്ചൊഴിയുമോ എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നം. അജിത് പവാറിന് വിപ്പ് നല്‍കാനാവുമെന്ന മനക്കോട്ടയിലാണ് ബി.ജെ.പി അവസാനത്തെ അങ്കത്തിന് തയാറെടുക്കുന്നത്.

പ്രൊടേം സ്പീക്കറുടെ നിയമനത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയാണെങ്കില്‍ അജിത് പവാറിലൂടെ അവസാനത്തെ കളി സാധ്യമാവുമെന്ന കണക്കു കൂട്ടലിലാണ് ദേവേന്ദ്ര ഫട്‌നാവിസും ബി..ജ.പിയും. എട്ട് തവണ എം.എല്‍.എ ആയ കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തൊറാത്ത് ആണ് കീഴ്‌വഴക്കമനുസരിച്ച് പ്രൊടേം സ്പീക്കര്‍ ആവേണ്ടത്. അതേസമയം എന്‍.സി.പി വിട്ട് ബി.ജെ.പിയിലെത്തിയ ബബന്റാവു പച്ച്പുഡെക്കും കാളിദാസ് കൊളംബറിനും സാധ്യതയുണ്ട്.

ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി
Also Read

ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

വിശ്വാസ വോട്ടെടുപ്പിനുള്ള അധികാരം പ്രൊടേം സ്പീക്കറുടേതാണെങ്കില്‍ അജിത് പവാറിന്റെ വിപ്പ് അംഗീകരിച്ച് എന്‍.സി.പി അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാവും. അതേസമയം ജയന്ത് പാട്ടീലിനെ സഭാനേതാവായി തെരഞ്ഞെടുത്ത കാര്യം മാത്രമാണ് സഭാ സെക്രട്ടറിയേറ്റിനെ എന്‍.സി.പി അറിയിച്ചിട്ടുള്ളത്. പ്രൊടേം സ്പീക്കര്‍ ചട്ടങ്ങള്‍ക്കു നേരെ കണ്ണടച്ചാല്‍ അജിത് പവാര്‍ നല്‍കുന്ന വിപ്പ് അംഗീകരിക്കാത്ത എന്‍.സി.പി അംഗങ്ങളെ അയോഗ്യരാക്കി ഫട്‌നാവിസിന് വിശ്വാസവോട്ടെടുപ്പില്‍ ജയിച്ചു കയറാം. അതല്ലെങ്കില്‍ ചില അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നാലും ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താം.

സാധ്യതകളുടെ ആകാശം ഇരുകൂട്ടരുടെയും മുമ്പില്‍ തുറന്നു കിടക്കുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ സാധ്യതകള്‍ നേര്‍ത്തുവരുന്നതാണ് ഇപ്പോഴത്തെ ചിത്രം. എന്‍.സി.പിയിലെ 13 എം.എല്‍.എമാര്‍ അസംതൃപ്തരായി മാറി നില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇവരിലാരും ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയതായി സൂചനകളില്ല.