LiveTV

Live

National

മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന എല്ലാ ആത്മഹത്യകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി

പരീക്ഷ കാരണം ഐ.ഐ.ടി കാംപസിലെ വിദ്യാർത്ഥികളുടെ സമരം മാറ്റി വച്ചിരുന്നു

മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന എല്ലാ ആത്മഹത്യകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി

മദ്രാസ് ഐ.ഐ.ടിയിൽ അടുത്തിടെയുണ്ടായ ആത്മഹത്യകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോക് താന്ത്രിക് യുവജനതാദളാണ് പരാതി നൽകിയത്. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണം വിവാദമായ സാഹചര്യത്തിലാണ് ഹർജി.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ മദ്രാസ് ഐ.ഐ.ടിയിൽ മാത്രം 14 ആത്മഹത്യകൾ നടന്നിട്ടുണ്ട്. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടും. ഇവയെല്ലാം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പരാതി. ഹർജി ബുധനാഴ്ച പരിഗണിയ്ക്കും.

ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. പരീക്ഷ കാരണം ഐ.ഐ.ടി കാംപസിലെ വിദ്യാർത്ഥികളുടെ സമരം മാറ്റി വച്ചിരുന്നു. തുടർ സമരങ്ങൾ സംബന്ധിച്ച് സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ തീരുമാനമെടുക്കും.

ഫാത്തിമയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനായി ബന്ധുക്കൾ ദിവസങ്ങൾക്കുള്ളിൽ ചെന്നെയിലെ ഫൊറൻസിക് വിഭാഗത്തിലെത്തും. ഹാജരാകാൻ ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് നേരത്തെ സമൻസ് അയച്ചിട്ടുണ്ട്.