LiveTV

Live

National

എല്ലാത്തിനും കാരണക്കാരന്‍ അജിത് പവാര്‍; കുതിരക്കച്ചവടത്തിന് താല്‍പ്പര്യമില്ല: ഫഡ്നാവിസ്

ഒരു കൂട്ടം എൻ‌.സി‌.പി നേതാക്കൾ ഞങ്ങളുടെ അടുത്തെത്തിയതിനാലാണ് ഞങ്ങൾ സർക്കാർ രൂപീകരിച്ചത്.

എല്ലാത്തിനും കാരണക്കാരന്‍ അജിത് പവാര്‍; കുതിരക്കച്ചവടത്തിന് താല്‍പ്പര്യമില്ല: ഫഡ്നാവിസ്

സുപ്രിംകോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പദം രാജിവെച്ച ദേവേന്ദ്ര ഫഡ്നാവിസ് ഇതുവരെ നടത്തിയ നാടകങ്ങള്‍ക്ക് വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു ഫഡ്നാവിസിന്റെ വിശദീകരണം.

''അജിത് പവാർ രാജി സമർപ്പിച്ചു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങളുടെ പക്കലില്ല. ഈ പത്രസമ്മേളനത്തിന് ശേഷം ഞാൻ ഗവർണർക്ക് രാജി സമർപ്പിക്കും,” മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അജിത് പവാറിനെ ഫഡ്നാവിസ് കുറ്റപ്പെടുത്തുകയും ചെയ്തു. ''ഒരു കൂട്ടം എൻ‌.സി‌.പി നേതാക്കൾ ഞങ്ങളുടെ അടുത്തെത്തിയതിനാലാണ് ഞങ്ങൾ സർക്കാർ രൂപീകരിച്ചത്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് കുതിരക്കച്ചവടം നടത്താൻ താൽപ്പര്യമില്ല. അതിനാൽ ഞാൻ രാജിവെക്കുന്നു. ഈ മൂന്നു പാർട്ടികളും (ശിവസേന-എൻ‌.സി‌.പി-കോൺഗ്രസ്) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ ഈ സർക്കാർ സമ്മർദങ്ങള്‍ക്ക് വഴങ്ങുമെന്ന് എനിക്ക് ആശങ്കയുണ്ട്.

കുതിരക്കച്ചവടം പാളി; ഫഡ്നാവിസും രാജിവെച്ചു
Also Read

കുതിരക്കച്ചവടം പാളി; ഫഡ്നാവിസും രാജിവെച്ചു

ജനവിധി ശിവസേനയേക്കാൾ ബി.ജെ.പിക്ക് ഒപ്പമായിരുന്നു. 105 സീറ്റുകളുള്ള വ്യക്തമായ ഭൂരിപക്ഷമാണ് ‍ഞങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങള്‍ക്കില്ലെന്ന് കണ്ടതോടെ വിലപേശാമെന്ന് ശിവസേന കരുതി. ആ വിലപേശല്‍ പരസ്യമായി ചെയ്യാനും തുടങ്ങി. പക്ഷേ ഞങ്ങൾ ജനവിധി മനസിൽ വച്ചുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ദിവസങ്ങളോളം ഞങ്ങള്‍ ശിവസേനയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷേ അതൊന്നും വകവെക്കാതെ അവര്‍ കോൺഗ്രസുമായും എൻ.‌സി‌.പിയുമായും ചര്‍ച്ച തുടങ്ങി. ശിവസേന ബി.ജെ.പിയെ ഭീഷണിപ്പെടുത്തുകയാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതായിരുന്നു അവരുടെ ഏക അജണ്ട.

അജിത് പവാര്‍ ഉപമുഖ്യമന്ത്രിപദം രാജി വെച്ചു
Also Read

അജിത് പവാര്‍ ഉപമുഖ്യമന്ത്രിപദം രാജി വെച്ചു

നിയമസഭാ കാലാവധി കഴിഞ്ഞപ്പോൾ, ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഞങ്ങളെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. മഹാസഖ്യത്തിലെ മൂന്ന് പാർട്ടികൾക്കും തികച്ചും വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളുള്ളതിനാൽ അവർക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമായിരുന്നില്ല. ഒരു പൊതു ധാരണയിലേക്ക് എത്തിച്ചേരാൻ അവര്‍ ദിവസങ്ങളാണ് എടുത്തത്.'' - ഫഡ്നാവിസ് പറഞ്ഞു. 11 ദിവസമാണ് ധാരണയിലെത്താന്‍ അവര്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയത്. എന്തൊക്കെ ഘടകങ്ങളാണ് അവരെ തീരുമാനമെടുക്കുന്നതില്‍ നിന്ന് ഇത്രയും ദിവസം പിന്നോട്ടടിച്ചു കൊണ്ടിരുന്നതെന്നും ഫഡ്നാവിസ് ചോദിച്ചു. എം.എല്‍.എ മാരെ വെച്ച് കുതിരക്കച്ചവടത്തിന് താല്‍പര്യമില്ല. ഏതെങ്കിലുമൊരു പാര്‍ട്ടിയെ പിളര്‍ത്താനും ഉദ്ദേശ്യമില്ല. തങ്ങള്‍ പ്രതിപക്ഷത്ത് തുടരുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.