LiveTV

Live

National

ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ക്ക് തിരിച്ചടി; പ്രതിപക്ഷ കക്ഷികളെ ദേശീയതലത്തില്‍ കൂടുതല്‍ ശക്തരാക്കും

വ്യത്യസ്തയുള്ള രാഷ്ട്രീയം മുതല്‍ അഴിമതിവിരുദ്ധ പോരാട്ടം വരെയുള്ള ബി.ജെ.പിയുടെ എല്ലാ അവകാശ വാദങ്ങളും തുറന്നു കാട്ടാനായതാണ് മഹാരാഷ്ട്രയില്‍ പ്രതിപക്ഷ കക്ഷികളുടെ നേട്ടം

ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ക്ക് തിരിച്ചടി; പ്രതിപക്ഷ കക്ഷികളെ ദേശീയതലത്തില്‍ കൂടുതല്‍ ശക്തരാക്കും

ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ ഏറ്റ തിരിച്ചടി പ്രതിപക്ഷ കക്ഷികളെ ദേശീയതലത്തില്‍ കൂടുതല്‍ ശക്തരാക്കും. ബി.ജെ.പിക്കെതിരായ കോണ്‍ഗ്രസ്- ശിവസേന സഖ്യം ഇരു പാര്‍ട്ടിയിലും പ്രത്യേകിച്ച് ഒരു പ്രതിസന്ധിയും ഉണ്ടാക്കിയില്ല എന്നതാണ് പ്രധാനം. അധികാരം പിടിക്കാന്‍ ബി.ജെ.പി ഉണ്ടാക്കിയ പുതിയ രീതികള്‍ക്ക് അതേ നാണയത്തില്‍ പ്രതിപക്ഷം തിരിച്ചടി നല്‍കിയതും ശ്രദ്ധേയമാണ്.

വ്യത്യസ്തയുള്ള രാഷ്ട്രീയം മുതല്‍ അഴിമതിവിരുദ്ധ പോരാട്ടം വരെയുള്ള ബി.ജെ.പിയുടെ എല്ലാ അവകാശ വാദങ്ങളും തുറന്നു കാട്ടാനായതാണ് മഹാരാഷ്ട്രയില്‍ പ്രതിപക്ഷ കക്ഷികളുടെ നേട്ടം. കര്‍ണാടകയും ഗോവയുമല്ല മഹാരാഷ്ട്ര എന്ന് ബി.ജെ.പിയെ പഠിപ്പിക്കാന്‍ മുതിര്‍ന്ന എന്‍.സി.പി നേതാവ് ശരദ് പവാറിനും ഒപ്പമുളളവര്‍ക്കും കഴിഞ്ഞു. തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും പ്രതിരൂപമായി മാറിയ ബി.ജെ.പി അധ്യക്ഷന്റെ പ്രതിഛായക്ക് സമീപകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്. എം.എല്‍.എമാരെ മുംബെയില്‍ നിന്നും തട്ടിക്കൊണ്ടുപോയി ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ എത്തിച്ചിട്ടും തടങ്കല്‍ പാളയങ്ങളില്‍ ചെന്ന് അവരെ മോചിപ്പിച്ചെടുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കായി. മോദി - അമിത് ഷാ കൂട്ടുകെട്ട് അധികാരത്തെ ഔദ്യോഗികമായും വളഞ്ഞവഴിയിലൂടെയും പ്രയോഗിക്കുന്നത് തുല്യനാണയത്തില്‍ ചെറുക്കാന്‍ കഴിയുമെന്ന ബോധത്തിനു കൂടിയാണ് മഹാരാഷ്ട്ര അടിവരയിട്ടത്.

രാഷ്ട്രപതി ഭരണം എന്ന പാളിപ്പോയ നീക്കം കോണ്‍ഗ്രസിനും എന്‍.സി.പിക്കും ശിവസേനക്കും പൊതുമിനിമം പരിപാടി രൂപീകരിക്കാന്‍ ആവശ്യത്തിലധികം സമയം നല്‍കി. സഭാനേതാവ് അജിത് പവാറിനെ പ്രലോഭിപ്പിച്ച് ഒപ്പം നിര്‍ത്തിയാല്‍ എന്‍.സി.പിയെ സഭയില്‍ വിപ്പു കൊടുത്ത് നിയമപരമായി ഒതുക്കാമെന്ന ബി.ജെ.പിയുടെ കണക്കു കൂട്ടലും പാളി. ഇതോടെ മഹാരാഷ്ട്രയില്‍ കാലങ്ങളായി ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിക്ക് വിഴുങ്ങേണ്ടിയും വന്നു. അമിത് ഷായുടെ കുതന്ത്രങ്ങളില്‍ നിന്നും ഇനിയുള്ള ദിവസങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കൂടി ഉദ്ധവ് താക്കറെക്കും ഒപ്പമുള്ളവര്‍ക്കുമായാല്‍ ആസന്നമായ അസംബ്‌ളി തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ സംഘടനകള്‍ ഒത്തുചേര്‍ന്ന് മഹാരാഷ്ട്ര മോഡല്‍ ആവര്‍ത്തിക്കാനാണ് സാധ്യത.