LiveTV

Live

National

പ്രൊഫൈലിൽ നിന്ന് 'കോൺഗ്രസ്' വെട്ടിമാറ്റി ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസ് മുൻപ്രസിഡണ്ട് രാഹുൽഗാന്ധിയുടെ അടുപ്പക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തനാണ്

പ്രൊഫൈലിൽ നിന്ന് 'കോൺഗ്രസ്' വെട്ടിമാറ്റി ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വിറ്റർ പ്രൊഫൈലിലെ മാറ്റമാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയം. തന്റെ പ്രൊഫൈലിലുണ്ടായിരുന്ന 'കോൺഗ്രസ് നേതാവ്' എന്നഭാഗം ഒഴിവാക്കി 'പൊതുജന സേവകൻ, ക്രിക്കറ്റ് തൽപരൻ' എന്നാണ് 48-കാരനായ സിന്ധ്യ ചേർത്തിരിക്കുന്നത്. മധ്യപ്രദേശ് കോൺഗ്രസിനുള്ളിലെ പടലപ്പിണക്കത്തിന്റെ ഭാഗമാണ് സിന്ധ്യയെ ഈ മാറ്റത്തിന് പ്രേരിപ്പിച്ചതെന്നും കോൺഗ്രസ് വിടുന്നതടക്കമുള്ള കാര്യങ്ങൾ അദ്ദേഹം പരിഗണിക്കുന്നുവെന്നും പ്രചരിക്കുന്നുണ്ട്.

പ്രൊഫൈലിൽ നിന്ന് 'കോൺഗ്രസ്' വെട്ടിമാറ്റി ജ്യോതിരാദിത്യ സിന്ധ്യ

അതേസമയം, ട്വിറ്ററിലെ മാറ്റത്തിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നാണ് സിന്ധ്യ വിശദീകരിക്കുന്നത്. 'ഒരുമാസം മുമ്പ് ഞാൻ ട്വിറ്ററിലെ ബയോ മാറ്റിയിരുന്നു. ആളുകളുടെ ഉപദേശപ്രകാരം ഇത്തവണ ബയോ ചെറുതാക്കി. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ്.' - സിന്ധ്യ പറഞ്ഞു.

കോൺഗ്രസ് മുൻപ്രസിഡണ്ട് രാഹുൽഗാന്ധിയുടെ അടുപ്പക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തനാണെന്നാണ് വാർത്തകൾ. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുകയും കമൽനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോൾ സിന്ധ്യയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആവശ്യപ്പെട്ടിരുന്നു.

പ്രൊഫൈലിൽ നിന്ന് 'കോൺഗ്രസ്' വെട്ടിമാറ്റി ജ്യോതിരാദിത്യ സിന്ധ്യ

എന്നാൽ കമൽനാഥും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗും അന്തരിച്ച അർജുൻ സിംഗിന്റെ മകൻ അജയ് സിംഗിനെ എം.പി.സി.സി പ്രസിഡണ്ടാക്കാനുള്ള ചരടുവലികൾ നടത്തുന്നുണ്ട്. 'വയസ്സൻ നേതൃത്വം' യുവനേതാക്കളുടെ രാഷ്ട്രീയജീവിതത്തിന് വിലങ്ങുതടിയാകുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് സിന്ധ്യയുടെ പുതിയ നീക്കം.

നേരത്തെ, രാഹുൽ ഗാന്ധി കോൺഗ്രസ് ദേശീയ അധ്യക്ഷപദവി ഒഴിഞ്ഞപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഇതെന്നാണ് സൂചന.