LiveTV

Live

National

ഡല്‍ഹിയിലെ വായുമലിനീകരണം; ആളുകളെ ഗ്യാസ് ചേംബറിലിട്ട് കൊല്ലാക്കൊല ചെയ്യുന്നതെന്തിനെന്ന് കോടതി

പരസ്പരം കുറ്റപ്പെടുത്തുന്ന നടപടികള്‍ ജനം എന്തിന് സഹിക്കണമെന്നും തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു

ഡല്‍ഹിയിലെ വായുമലിനീകരണം; ആളുകളെ ഗ്യാസ് ചേംബറിലിട്ട് കൊല്ലാക്കൊല ചെയ്യുന്നതെന്തിനെന്ന് കോടതി

ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാറിനെയും പഞ്ചാബ്, ഹരിയാന സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി. ജനങ്ങളെ ഗ്യാസ് ചേംബറിലിടുന്നതിനേക്കാള്‍ ഭേദം ഒറ്റയടിക്ക് കൊല്ലുന്നതാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. ജല മലിനീകരണത്തില്‍ കോടതി സ്വമേധയാ കേസടുത്തു.

വയലുകൾ കത്തിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഉത്തരവ് അവഗണിച്ചതിനാണ് കേന്ദ്ര സര്‍ക്കാറിനെയും പഞ്ചാബ് ഹരിയാന സര്‍ക്കാറുകളെയും സുപ്രിംകോടതി ശകാരിച്ചത്. കോടതിയുടെ പരാമര്‍ശങ്ങള്‍ ഇങ്ങിനെ:

ഗ്യാസ് ചേമ്പറിലിട്ട് കൊല്ലുന്നതിനേക്കാള് നല്ലത് ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതാണ്. നരകത്തേക്കാളും മോശമായ സ്ഥിതിയിലാണ് ഡല്‍ഹി. ചീഫ് സെക്രട്ടറിമാരെയും മറ്റും ശിക്ഷിക്കാതിരിക്കാനാകില്ല. അധികാരത്തില്‍ തുടരാന്‍ ഒരു അർഹതയും നിങ്ങള്‍ക്കില്ല. ആരെയും വെറുതെ വിടാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഡല്‍ഹിയില്‍ വായു ശുദ്ധീകരണ ടവറുകള്‍ സ്ഥാപിക്കാന്‍ കേന്ദവും സംസ്ഥാനവും 10 ദിവസത്തിനകം നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മലിനീകരണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തില്‍ ആറാഴ്ചക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനും ഡല്‍ഹിക്കും കോടതി നോട്ടീസയച്ചു.