കുതിരക്കച്ചവടത്തിനുള്ള നീക്കം ശക്തിപ്പെടുത്തി ബി.ജെ.പി; എം.എല്‍.എമാരെ ഹോട്ടലുകളില്‍ താമസിപ്പിച്ച് പാര്‍ട്ടികള്‍
മറ്റ് പാര്‍ട്ടികളിലെ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി നീക്കം ആരംഭിച്ചു

അനിശ്ചിതത്വം ഒരു ദിവസം കൂടി നീണ്ടതോടെ മഹാരാഷ്ട്രയില്‍ എന്‍.സി.പി,ശിവസേന,കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഹോട്ടലുകളില്‍ തുടരും. മറ്റ് പാര്‍ട്ടികളിലെ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി നീക്കം ആരംഭിച്ചു. എന്‍.സി.പിക്കാരനായി തുടരുമെന്നും ബി.ജെ.പി-എന്‍.സി.പി സഖ്യം അഞ്ച് വര്‍ഷം ഭരിക്കുമെന്ന് അജിത് പവാര്‍ പ്രതികരിച്ചു. ബി.ജെ.പിയുമായി ഒരു സഖ്യവുമില്ലെന്ന് ശരദ് പവാറും ട്വീറ്റ് ചെയ്തു.
ബി.ജെ.പിയെ പിന്തുണച്ച എം.എല്‍.എമാരില്‍ പലരും തിരിച്ചുപോയത് ദേവേന്ദ്ര ഫഡ്നാവിസിന്റെ കൂടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍.സി.പി നേതാവ് അജിത് പവാറിന് കടുത്ത തിരിച്ചടിയായിരുന്നു. അതിനിടെയാണ് ബി.ജെ.പി-എന്‍.സി.പി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും പ്രശ്നങ്ങൾ കലങ്ങിത്തെളിയാന്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നുമുള്ള അവകാശവാദവുമായി അജിത്ത് പവാര്‍ വീണ്ടും രംഗത്തെത്തിയത്. തൊട്ടുടനെ അജിത് പവാറിനെ തള്ളി ശരദ് പവാര്‍ രംഗത്തെത്തി. ബി.ജെ.പി-എന്‍.സി.പി സഖ്യമെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്ന് ശരദ് പവാര്‍ തിരിച്ചടിച്ചു. അജിത് പവാറിന്റെ ട്വീറ്റ് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വരും മണിക്കൂറുകളില്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം ബി.ജെ.പി തുടരുകയാണ്. എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ നാല് പ്രധാനപ്പെട്ട നേതാക്കളെ ബി.ജെ.പി നിയോഗിച്ചതായും വാര്‍ത്തകളുണ്ട്. നാരായണ്‍ റാണ, രാധാകൃഷ്ണ വികെ പാട്ടീല്‍, ഗണേഷ് നായിക്, ബാബന്‍ റാവു പച്ച്പുത്തെ എന്നിവരാണ് സംഘത്തിലുള്ളത്. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും കോണ്‍ഗ്രസ് നേതാവ് അശോക് ചവാനും ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തി.
സുപ്രീം കോടതി നടപടികള്‍ക്ക് ശേഷവും വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന അവകാശവാദം ബി.ജെ.പി തുടരുകയാണ്. കുതിരക്കച്ചവടം ഭയന്ന് എന്‍.സി.പിയും കോണ്‍ഗ്രസും ശിവസേനയും പാര്‍ട്ടി എം.എല്‍.എമാരെ മുംബൈയിലെ വിവിധ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്.