LiveTV

Live

National

മഹാരാഷ്ട്ര വിഷയത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം

ലോക്സഭയില്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, ത്രിണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം എം.പിമാര്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് പരിഗണിക്കാതിരുന്നതോടെയാണ് പ്രതിഷേധം ശക്തമായത്

മഹാരാഷ്ട്ര വിഷയത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം

മഹാരാഷ്ട്ര വിഷയത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം. ലോക്സഭയില്‍ പ്രതിഷേധിച്ച എം.പിമാരായ ഹൈബി ഈഡനെയയും ടി.എന്‍ പ്രതാപനെയും ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. രമ്യ ഹരിദാസ് എം.പി അടക്കമുള്ളവരെ പുരുഷ മാര്‍ഷല്‍മാര്‍ കൈയ്യേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കി.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വാദം സുപ്രീംകോടതിയില്‍ തുടരവെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ലോക്സഭയില്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, ത്രിണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം എം.പിമാര്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് പരിഗണിക്കാതിരുന്നതോടെയാണ് പ്രതിഷേധം ശക്തമായത്.

നടുത്തളത്തിലിറങ്ങിയ എം.പിമാരായ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും പുറത്താക്കാന്‍ മാര്‍ഷല്‍മാര്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി. പിന്നീട് ഇരുവരെയും ഒരു ദിവസത്തേക്ക് സഭ നടപടികളില്‍ നിന്ന് വിലക്കി.

മാര്‍ഷല്‍മാരുമായുണ്ടായ ബഹളത്തിനിടയിലാണ് രമ്യ ഹരിദാസിനും ജോതി മണിയും കൈയ്യേറ്റത്തിനിരയായത്. രാജ്യസഭ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഡി.എം.കെയും സി.പി.എമ്മും ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധം. മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കരുതുന്നു എന്ന് ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.