‘ഇന്ദ്രന്റെ സിംഹാസനമാണ് വാഗ്ദാനമെങ്കില്‍ പോലും ബി.ജെ.പിയുമായി സഖ്യത്തിനില്ല’
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ ബന്ധം വഷളാവുകയായിരുന്നു

ബി.ജെ.പിയുമായി ഇനിയൊരു സഖ്യസാധ്യത തള്ളി ശിവസേന. മഹാരാഷ്ട്ര ഭരണത്തിനായി എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിക്കവെയാണ് ബി.ജെ.പിയുമായി കൂട്ടുകൂടാനില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞത്. ഇന്ദ്രന്റെ സിംഹാസനമാണ് വാഗ്ദാനം ചെയ്യുന്നത് എങ്കില്‍ പോലും ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നാണ് റാവത്ത് പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ ബന്ധം വഷളാവുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചക്ക് ശ്രമിച്ച ശിവസേനക്ക് ഒടുവില്‍ ബി.ജെ.പി മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍, ഓഫറുകളുടെയും വിലപേശലിന്റെയും സമയം കഴിഞ്ഞുവെന്നായിരുന്നു സേനാ വക്താവിന്റെ പ്രതികരണം.
മുംബൈയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികള്‍ ചേര്‍ന്ന് മഹാരാഷ്ട്ര വികാസ് അഖാഡി (മഹാരാഷ്ട്ര വികസന മുന്നണി) എന്ന പേരില്‍ സഖ്യം പ്രഖ്യാപിച്ചിരുന്നു.