മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയാകും; എന്‍.സി.പിയും ശിവസേനയും മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കിടും
സര്‍ക്കാര്‍ രൂപീകരണം മൂന്നു ദിവസത്തിനകംയുപിഎ- ശിവസേന ചര്‍ച്ച നാളെ

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപികരണം മൂന്ന് ദിവസത്തിനുള്ളില്‍ നടത്തണമെന്ന് കോണ്‍ഗ്രസ്-എന്‍സിപി ചര്‍ച്ചയില്‍ തീരുമാനം. മുഖ്യമന്ത്രിപദവി ശിവസേനയും എന്‍.സി.പിയും പങ്കിടും. ആദ്യ തവണ ഉദ്ദവ് താക്കറെയാകും മുഖ്യമന്ത്രിയാകുക. തീവ്രഹിന്ദുത്വ നിലപാടുകള്‍ മയപ്പെടുത്തുമെന്ന് ശിവസേന കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഉറപ്പ് നല്കി.
ചിലകാര്യങ്ങളില്‍ കൂടി ധാരണയിലെത്തേണ്ടതിനാല് വരും ദിവസങ്ങളിലും എന്‍.സി.പി കോണ്‍ഗ്രസ് ചര്‍ച്ച തുടരും.
നിര്‍ണ്ണായക തീരുമാനങ്ങളാണ് കോണ്‍ഗ്രസ് എന്‍.സി.പി ചര്‍ച്ചകളില്‍ കൈക്കൊണ്ടത്. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപികരണം വേഗത്തിലാക്കാന്‍ പാര്‍ട്ടികള്‍ തീരുമാനമെടുത്തു. മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപികരണം ഉണ്ടാകുമെന്നാണ് ഉന്നത നേതാക്കള്‍ വ്യക്തമാക്കുന്നത്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപികരിക്കേണ്ടതുണ്ടെന്ന അഭിപ്രായം തന്നെയാണ് മൂന്ന് പാര്‍ട്ടികള്‍ക്കുമുള്ളത്.
ശിവസേനയും എന്‍.സി.പിയും മുഖ്യമന്ത്രി പദം രണ്ടര കൊല്ലം വീതം പങ്കിടാനും ധാരണയായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാനും തീരുമാനമെടുത്തു. ഉദ്ദവ് താക്കറെയാകും ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രിയാകുക. എന്നാല്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വേണമെന്നതിനാല്‍ കുറച്ചുകൂടി ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് എന്‍.സി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശിവസേനയുമായുള്ള പ്രത്യയശാസ്ത്ര അന്തരവും മൂന്ന് പാര്‍ട്ടികള്‍ക്ക് ഇടയിലും ചര്‍ച്ചയായി. എന്നാല്‍ തീവ്രഹിന്ദുത്വമടക്കമുള്ള നിലപാടുകള്‍ മയപ്പെടുത്തുമെന്ന് ശിവസേന കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഉറപ്പ് നല്കി. പൊതുമിനിമം പരിപാടിയുടെ അന്തിമരൂപത്തിന് വൈകാതെ അംഗീകാരം നല്‍കും. കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുന്‍ നിര്‍ത്തിയുള്ള പൊതുമിനിമം പരിപാടിയാകും രൂപപ്പെടുത്തുക. അതേസമയം ബി.ജെ.പിയില്‍ നിന്നുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സമ്മര്ദ്ദപ്പെടില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു.