LiveTV

Live

National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 347 സീറ്റുകളിലെ വോട്ടുകളുടെ എണ്ണത്തിൽ ക്രമക്കേടെന്ന് സുപ്രീംകോടതിയിൽ ഹരജി

ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 347 സീറ്റുകളിലെ വോട്ടുകളുടെ എണ്ണത്തിൽ ക്രമക്കേടെന്ന് സുപ്രീംകോടതിയിൽ ഹരജി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളിൽ 347 മണ്ഡലങ്ങളിൽ പൊരുത്തക്കേടുള്ളതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹരജി. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച കണക്കുകളും കമ്മീഷൻ തന്നെ പുറത്തുവിട്ട താൽക്കാലിക ലിസ്റ്റിലെ വിവരങ്ങളും തമ്മിൽ വലിയ തോതിൽ പൊരുത്തക്കേടുണ്ടെന്നും ആറ് സീറ്റുകളിൽ ഈ വ്യത്യാസം വിജയിച്ച സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ വലുതാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് (എ.ഡി.ആർ) എന്ന എൻ.ജി.ഒ ഫയൽ ചെയ്ത ഹരജിയിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന സമർപ്പിച്ച ഹരജി സുപ്രീംകോടതി വിചാരണക്കെടുത്തിട്ടില്ല.

ഇ.വി.എം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് ഛത്തീസ്ഗഡ്; പ്രതിഷേധവുമായി ബി.ജെ.പി
Also Read

ഇ.വി.എം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് ഛത്തീസ്ഗഡ്; പ്രതിഷേധവുമായി ബി.ജെ.പി

17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. മെയ് 23-ന് ഫലം പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പി വ്യക്തമായ വിജയത്തോടെ അധികാരത്തിലെത്തി. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടില്ലെന്ന് ഉറപ്പാക്കാൻ വിവിപാറ്റ് യന്ത്രങ്ങളിലെ 33 ശതമാനം രശീതികൾ എണ്ണിനോക്കാൻ ഉത്തരവിടണമെന്ന് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും കോടതി ഇത് പരിഗണിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി 'മൈ വോട്ടർ ടേൺഔട്ട്' എന്ന മൊബൈൽ ആപ്പ് അവതരിപ്പിച്ചിരുന്നു. ഓരോ മണ്ഡലത്തിലെയും വോട്ടിംഗിന്റെ വിശദവിവരങ്ങൾ ആപ്പിലൂടെ തത്സമയം ലഭ്യമാക്കും എന്നാണ് കമ്മീഷൻ അറിയിച്ചിരുന്നത്. ആദ്യ ആറ് ഘട്ടങ്ങളിൽ കമ്മീഷൻ ആപ്പ് വഴി ഓരോ ബൂത്തിലെയും തത്സമയ (റിയൽ-ടൈം) പോളിംഗ് വിവരങ്ങൾ സംഖ്യകളായി പുറത്തുവിട്ടെങ്കിലും അവസാനഘട്ടത്തിൽ ഇതൊഴിവാക്കി ശതമാന വിവരങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ആപ്പ് വഴി കമ്മീഷൻ പുറത്തുവിട്ട വോട്ടർമാരുടെ എണ്ണവും അവസാനം പുറത്തുവിട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിദഗ്ധ പരിശോധനയിലൂടെ മനസ്സിലാക്കിയെന്നും ഇവർ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി 2019 ല്‍ 'മൈ വോട്ടർ ടേൺഔട്ട്' എന്ന മൊബൈൽ ആപ്പ് അവതരിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി 2019 ല്‍ 'മൈ വോട്ടർ ടേൺഔട്ട്' എന്ന മൊബൈൽ ആപ്പ് അവതരിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെയും മൊബൈൽ ആപ്പിലെയും 542 മണ്ഡലങ്ങളിലെ വിവരങ്ങൾ പരിശോധിച്ചതു പ്രകാരം 347 സീറ്റുകളിൽ പൊരുത്തക്കേട് കണ്ടെത്തി. ഒരു വോട്ട് മുതൽ 101,323 വോട്ടുകൾ വരെയാണ് വ്യത്യാസമുള്ളത്. ആന്ധ്രാപ്രദേശിലെ ഗുണ്ടുർ, വിശാഖപട്ടണം, ജമ്മു കശ്മീരിലെ അനന്ത്‌നാഗ്, ഝാർഖണ്ഡിലെ ഖുന്തി, ഒഡിഷയിലെ കോരാപുത്ത്, യു.പിയിലെ മച്ച്‌ലിസഹർ മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് ആപ്പിലെ വിവരങ്ങളും കമ്മീഷന്റെ അന്തിമ ഡാറ്റയും തമ്മിലുള്ള വ്യത്യാസം. ഈ വ്യത്യാസം ഏതെങ്കിലും പ്രത്യേക പാർട്ടിക്ക് അനുകൂലമായി ഭവിച്ചുവെന്ന് കാണാനാവില്ലെന്നും ഹരജിയിൽ പറയുന്നു.

വിശദവിവരങ്ങൾക്കായി വിവരാവകാശ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഹരജിക്കാർ പറയുന്നു. മെയ് 23-ന് ഫലപ്രഖ്യാപനം നടത്തിയെങ്കിലും 542 സീറ്റുകളിലെയും അന്തിമവോട്ടുകളുടെ എണ്ണമടങ്ങുന്ന പട്ടികകൾ ജൂൺ ഒന്ന് വരെ കമ്മീഷന്റെ കൈവശം എത്തിയിരുന്നില്ല. കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി പ്രസിദ്ധീകരിക്കാനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ടെങ്കിലും താൽക്കാലിക വിവരങ്ങൾ വെച്ചാണ് ഫലപ്രഖ്യാപനം നടത്തിയതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.

ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഭാവിയിൽ കൃത്യമായതും പൂർണവുമായ വിവരങ്ങൾ ലഭ്യമായതിനുശേഷമല്ലാതെ ഫലപ്രഖ്യാപനം നടത്തരുതെന്ന് നിർദേശിക്കണമെന്നും ഹരജിയിൽ പറയുന്നു.