LiveTV

Live

National

ഐ.ഐ.ടി മരണം; ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം തുടരുകയാണ്

ഐ.ഐ.ടി മരണം; ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു. സുദർശൻ പത്മനാഭൻ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവും തുടരുകയാണ്.

ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ഇത് രണ്ടാം തവണയാണ് ആരോപണ വിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകരെയാണ് ഐ.ഐ.ടിയിലെത്തി ചോദ്യം ചെയ്തത്. ഫാത്തിമയുടെ മരണം ആത്മഹത്യയാണെന്ന നിലപാടിൽ തന്നെയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിലേക്ക് വഴിവച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

തന്റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്ന് ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയ ഫാത്തിമയുടെ മൊബൈൽ ഫോൺ തിരികെ ലഭിച്ചിട്ടേ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടാകുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇത് ഇനിയും ലഭിച്ചിട്ടില്ല.

സഹപാഠികളുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തും. ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തി മാതാവിന്റെയും സഹോദരിയുടെയും മൊഴിയെടുക്കും. അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം തുടരുകയാണ്. ദ്രാവിഡ കഴകത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ പ്രതിഷേധം.