LiveTV

Live

National

നിങ്ങളുടെ അടിവേര് ഞങ്ങള്‍ തോണ്ടും... ബി.ജെ.പിയോട് പ്രതികാരബുദ്ധിയോടെ ശിവസേന

യാതൊരു ചര്‍ച്ചയും കൂടിയാലോചനകളുമില്ലാതെ എൻ.‌ഡി.‌എയിൽ നിന്ന് പുറത്താക്കിയെന്ന് പ്രഖ്യാപിച്ചതിനും പാർലമെന്റിൽ എം‌.പിമാരെ പ്രതിപക്ഷ ബെഞ്ചിലേക്ക് മാറ്റിയതുമാണ് ശിവസേനയെ ചൊടിപ്പിച്ചത്.

നിങ്ങളുടെ അടിവേര് ഞങ്ങള്‍ തോണ്ടും... ബി.ജെ.പിയോട് പ്രതികാരബുദ്ധിയോടെ ശിവസേന

മഹാരാഷ്ട്രയിലെ അധികാര പങ്കിടൽ തര്‍ക്കം അതിര് വിട്ടതോടെ, മുൻകാല സഖ്യകക്ഷിയായ ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേന. ''ഇത് അഹങ്കാരം തലക്കുപിടിച്ച രാഷ്ട്രീയത്തിന്റെ അന്ത്യത്തിലേക്കുള്ള തുടക്കമാണ്. ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു, നിങ്ങൾ ഞങ്ങളെ വെല്ലുവിളിച്ചതുപോലെ ഒരു ദിവസം ഞങ്ങൾ നിങ്ങളെ പിഴുതെറിയും.” ശിവസേന പറഞ്ഞു.

യാതൊരു ചര്‍ച്ചയും കൂടിയാലോചനകളുമില്ലാതെ എൻ.‌ഡി.‌എയിൽ നിന്ന് പുറത്താക്കിയെന്ന് പ്രഖ്യാപിച്ചതിനും പാർലമെന്റിൽ എം‌.പിമാരെ പ്രതിപക്ഷ ബെഞ്ചിലേക്ക് മാറ്റിയതുമാണ് ശിവസേനയെ ചൊടിപ്പിച്ചത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടിയ രണ്ട് പാർട്ടികളും സംസ്ഥാനത്ത് അധികാര പങ്കിടൽ സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയതോടെ ബന്ധം മുറിഞ്ഞത്. ശിവസേനയുടെ ആവശ്യങ്ങള്‍ക്ക് ബി.ജെ.പി ചെവികൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് പുതിയ സഖ്യം കെട്ടിപ്പടുക്കുന്നതിനായി ശിവസേന കോൺഗ്രസുമായും എൻ‌.സി‌.പിയുമായും ചർച്ച നടത്തിയിരുന്നു.

ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി നവംബർ 17 ന് നടന്ന എൻ‌.ഡി.‌എ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സേന തീരുമാനിച്ചിരുന്നു. സേനയുടെ ഏകമന്ത്രി അരവിന്ദ് സാവന്ത് മോദി മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് ശിവസേന എം.പിമാരെ ഇരുസഭകളിലും പ്രതിപക്ഷ ബെഞ്ചുകളിലേക്ക് മാറ്റിയത്. എൻ‌.ഡി‌.എയ്ക്ക് അടിത്തറയിട്ടവരെ പുറത്താക്കാനുള്ള നിന്ദ്യമായ പ്രവൃത്തിയാണ് ബി.ജെ.പി ചെയ്തത്. ഇതിനെക്കുറിച്ച് ഒരു ചർച്ചയോ സന്ദേശമോ ഉണ്ടായിരുന്നില്ല. ബാല്‍ താക്കറെ, എ.ബി വാജ്‌പേയി, എൽ.‌കെ അദ്വാനി, പ്രകാശ് സിങ് ബാദൽ, ജോർജ് ഫെർണാണ്ടസ് എന്നിവർ എൻ.‌ഡി.‌എയ്ക്ക് അടിത്തറയിട്ടപ്പോൾ, ഇപ്പോഴത്തെ നേതാക്കളിൽ പലരും ജനിച്ചിട്ട് പോലുമില്ലെന്നും ശിവസേന വിമര്‍ശിച്ചു.