LiveTV

Live

National

ഫാറൂഖ് അബ്ദുല്ലയുടെ അറസ്റ്റ്; ലോക്‌സഭയില്‍ ബഹളം, വാക്കൗട്ട്

ടി.ആര്‍ ബാലു, സൗഗാത റോയി എന്നിവരും പ്രതിപക്ഷ നിരയില്‍ നിന്ന് ഫാറൂഖ് അബ്ദുല്ലക്കു വേണ്ടി സംസാരിച്ചു

ഫാറൂഖ് അബ്ദുല്ലയുടെ അറസ്റ്റ്; ലോക്‌സഭയില്‍ ബഹളം, വാക്കൗട്ട്

സഭാധ്യക്ഷനെ അറിയിക്കാതെ ശ്രീനഗര്‍ എം.പി ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്തത് ഉയര്‍ത്തിക്കാട്ടി ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. കശ്മീരില്‍ 370ാം വകുപ്പ് റദ്ദ് ചെയ്യുന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ അബ്ദുല്ല തടവിലായിരുന്നുവെന്നും സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ്, ടി.ഡി.പി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ തുടരുന്ന സര്‍ക്കാര്‍ അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.

സിറ്റിംഗ് എം.പിയെ പൊതു സുരക്ഷാ നിയമം ഉപയോഗിച്ച് തടവിലിട്ടിട്ടും സഭാ നടപടികള്‍ നിര്‍ത്തിവെക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ഫാറൂഖ് അബ്ദുല്ലാ വിഷയത്തില്‍ സര്‍ക്കാറിന്റെ നേട്ടമായി. നിര്‍ണായകമായ ദിവസമായിട്ടും പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവര്‍ വിഷയം ഉന്നയിക്കുന്ന സമയത്ത് സഭയില്‍ ഹാജരുണ്ടായിരുന്നില്ല. കാലത്ത് മുതല്‍ ഇതെ ചൊല്ലി ബഹളം വെച്ച സഭാംഗങ്ങള്‍ക്ക് സീറോ അവറില്‍ മാത്രമാണ് വിഷയം ഉന്നയിക്കാനുള്ള അവസരം ലഭിച്ചത്. കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ടി.ആര്‍ ബാലു, സൗഗാത റോയി എന്നിവരും പ്രതിപക്ഷ നിരയില്‍ നിന്ന് ഫാറൂഖ് അബ്ദുല്ലക്കു വേണ്ടി സംസാരിച്ചു. ഇന്ന് കാലത്ത് സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പെ കശ്മീരില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ നാസിര്‍ അഹമ്മദ് ലാവായിയും മിര്‍ മുഹമ്മദ് ഫാഇസും ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി സഭാ കവാടത്തിനു പുറത്ത് പ്രകടനം നടത്തിയിരുന്നു.