LiveTV

Live

National

പെരിയാറും അംബേദ്ക്കറും ബൗദ്ധിക ഭീകരവാദികള്‍; രാംദേവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ദേശീയ ചാനലായ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം

പെരിയാറും അംബേദ്ക്കറും ബൗദ്ധിക ഭീകരവാദികള്‍;  രാംദേവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

സാമൂഹ്യ പ്രവര്‍ത്തകരായ പെരിയാറിനെയും ഡോ. ബി.ആര്‍ അംബേദ്ക്കറേയും അധിക്ഷേപിച്ച പതഞ്ജലി ആയുര്‍വേദയുടെ സഹസ്ഥാപകനായ ബാബാ രാംദേവിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം. ജാതി വെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇ.വി രാമസ്വാമിയും ഡോ. ബി ആര്‍ അംബ്ദേകറും ഇന്റ്വലക്ച്വല്‍ ടെററിസ്റ്റുകളാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. ദേശീയ ചാനലായ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

'പെരിയാറിന്റെ അനുയായികള്‍ക്ക് ദൈവങ്ങള്‍ മണ്ടന്‍മാരാണ്, വിശ്വാസികള്‍ അവര്‍ക്ക് അധമന്‍മാരാണ്, ദൈവം തെറ്റാണ്, അത്രയും മോശമാണ്'. പെരിയാറിന്റെ അനുയായികള്‍ വല്ലാതെ നെഗറ്റിവിറ്റി വര്‍ധിപ്പിക്കുകയാണെന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍.

ഇന്ത്യക്കാര്‍ക്ക് ലെനിനെയും മാര്‍ക്‌സിനെയും മാവോയെയും ആവശ്യമില്ല, അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായിരുന്നുവെന്നും രാംദേവ് പറഞ്ഞു. അവരുടെ ആശയങ്ങളെ പിന്തുടരുന്നവരെല്ലാം മോശമാണ്. പെരിയാറിനെയും അംബേദ്കറിനെയുമെല്ലാം പിന്തുടരുന്നവര്‍ രാജ്യത്തെ വിഭജിക്കാനാണ് നടക്കുന്നത്. അവരെല്ലാവരും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളാണെന്ന് രാംദേവ് പറഞ്ഞു.

പതഞ്ജലിയുടെ സഹസ്ഥാപകനായ ബാബാരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിക്കുന്നത്. ബാബാരാംദേവിന്റെ പ്രസ്താവനക്കെതിരായ ഹാഷ്ടാഗ് പ്രതിഷേധം ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ബാബാ രാംദേവ് ക്ഷമചോദിക്കുക, ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യുക, പതഞ്ജലി അടച്ചു പൂട്ടുക തുടങ്ങി നിരവധി ഹാഷ് ടാഗ് പ്രതിഷേധങ്ങളാണ് ട്വിറ്ററില്‍ ശക്തമാവുന്നത്.