LiveTV

Live

National

ജസ്റ്റിസ് കെ.എം ജോസഫിന്‍റെ വിധി റാഫേല്‍ വിവാദത്തെ വീണ്ടും ശക്തമാക്കുന്നു

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ റാഫേല്‍ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെയുള്ള വിമര്‍ശത്തിന് മൂര്‍ച്ച കൂട്ടി രംഗത്തെത്തി

ജസ്റ്റിസ് കെ.എം ജോസഫിന്‍റെ വിധി റാഫേല്‍ വിവാദത്തെ വീണ്ടും ശക്തമാക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതിന് സി.ബി.ഐക്ക് തടസ്സമില്ലെന്ന ജസ്റ്റിസ് കെ.എം ജോസഫിന്‍റെ വിധി റാഫേല്‍ വിവാദത്തെ വീണ്ടും ശക്തമാക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ റാഫേല്‍ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെയുള്ള വിമര്‍ശത്തിന് മൂര്‍ച്ച കൂട്ടി രംഗത്തെത്തി. വിധിയെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ സംയുക്ത അന്വേഷണ കമ്മിറ്റി രൂപീകരണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. നേരത്തെ നല്‍കിയ ക്രമിനല്‍ കേസ് തള്ളിയതിനു ശേഷമുള്ള സാഹചര്യത്തിലാണ് കേസിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ എത്തിയതെന്നിരിക്കെ പുനപരിശോധനാ ഹരജിയിലൂടെ പുതിയ എഫ്.ഐ.ആറിന് ഉത്തരവിടാനാവില്ലെന്നാണ് ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കിയത്. അഴിമതി നിരോധന നിയമത്തിന്റെയോ ലളിത കുമാരി കേസ് പോലുള്ള പോലിസ് നടപടി ക്രമങ്ങളെ കുറിച്ചുള്ള വിധിന്യായങ്ങളുടെയോ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിഗണിക്കാന്‍ കഴിയില്ല.

അതേസമയം ഇപ്പോഴത്തെ വിധി സി.ബി.ഐയെ തടസ്സപ്പെടുത്തുന്നില്ലെന്നും 120 എ. വകുപ്പു പ്രകാരം അനുമതി തേടി പ്രധാനമന്ത്രിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാവുമെന്നും റാഫേല്‍ കേസ് വിധിന്യായത്തില്‍ ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി. അതേസമയം ഈ ആവശ്യവുമായി വീണ്ടും റിട്ട് ഹരജി നല്‍കുകയാണോ വേണ്ടതെന്ന് ജസ്റ്റിസ് ജോസഫ് വ്യക്തമാക്കിയില്ല. റാഫേല്‍ ഇടപാട് അഴിമതിയാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധി പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാപ്പു പറയുകയാണ് വേണ്ടതെന്ന ആവശ്യവുമായി അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ജസ്റ്റിസ് ജോസഫ് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ റാഫേല്‍ വിഷയത്തില്‍ ആത്മാര്‍ഥതയോടെ അന്വേഷണം നടത്തണമെന്നും പാര്‍മെന്‍റിന്‍റെ സംയുക്ത അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്നുമുള്ള ആവശ്യം രാഹുല്‍ ഗാന്ധി വീണ്ടും ഉയര്‍ത്തി. ആസന്നമായ ശീതകാല സമ്മേളനത്തില്‍ റാഫേല്‍ വിഷയം പാര്‍ലമെന്‍റിനെ വീണ്ടും പ്രക്ഷുബ്ധമാക്കിയേക്കുമെന്നാണ് സൂചന.