LiveTV

Live

National

ജെ.എന്‍.യുവിലെ ഫീസ് വര്‍ധന ഭാഗികമായി കുറച്ചു; സഞ്ചാര, വസ്ത്രധാരണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു  

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുതിയ പദ്ധതി കൊണ്ടുവരും

 ജെ.എന്‍.യുവിലെ ഫീസ് വര്‍ധന ഭാഗികമായി കുറച്ചു; സഞ്ചാര, വസ്ത്രധാരണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു  

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഉയര്‍ത്തിയ ഫീസ് നിരക്ക് ഭാഗികമായി കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന് എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അതേസമയം രാത്രിയില്‍ ക്യാമ്പസിനകത്ത് ഏര്‍പ്പെടുത്തിയ സഞ്ചാര നിയന്ത്രണവും വസ്ത്രധാരണത്തിലെ നിയന്ത്രണവും പിന്‍വലിക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയതോടെയാണ് വര്‍ധിപ്പിച്ച ഫീസില്‍ ഇളവ് വരുത്താന്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. എങ്കിലും വര്‍ധിപ്പിച്ച ഫീസില്‍ ഭാഗികമായ ഇളവ് വരുത്താന്‍ മാത്രമേ കൌണ്‍സില്‍ തയ്യാറായിട്ടുള്ളു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബി.പി.എല്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ധിപ്പിച്ച നിരക്കിന്‍റെ 50 ശതമാനം മാത്രമേ അടക്കേണ്ടതുള്ളുവെന്നും കൌണ്‍സില്‍ അറിയിച്ചു.

രാത്രിയില്‍ ക്യാമ്പസിനകത്ത് ഏര്‍പ്പെടുത്തിയ സഞ്ചാര നിയന്ത്രണവും വസ്ത്രധാരണത്തിലെ നിയന്ത്രണവും പിന്‍വലിക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ ഉയര്‍ത്തിയ ഫീസ് ഭാഗികമായി കുറച്ചത് സമരം അവസാനിപ്പിക്കാന്‍ ഉള്ള നീക്കത്തിന്‍റെ ഭാഗം മാത്രമാണെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി അമുത ജയദീപ് പറഞ്ഞു.

അതേസമയം ജെ.എന്‍.യുവിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ചേരേണ്ട യോഗം വിദ്യാര്‍ത്ഥികള്‍ തടഞ്ഞതോടെ ക്യാമ്പസിന് പുറത്താണ് ചേര്‍ന്നത്. ഇത് നിയമവിരുദ്ധമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ സമരത്തിന് ജെ.എന്‍.യുവിലെ അധ്യാപകരുടെ പിന്തുണയും ഉണ്ടായിരുന്നു. നിരവധി അധ്യാപകരാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.

അതേസമയം സമരത്തിന്‍റെ പശ്ചാത്തലത്തില്‍ മഫ്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെയും അര്‍ധസൈനിക വിഭാഗത്തെയും ക്യാമ്പസില്‍ വിന്യസിച്ചിരുന്നു. യൂണിഫോം അണിഞ്ഞ് ക്യാമ്പസില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നത് കണക്കിലെടുത്തായിരുന്നു നീക്കം.