LiveTV

Live

National

കൊലക്കേസ് പ്രതി, 130 കോടി അഴിമതിക്കാരന്‍; ഇവരൊക്കെയാണ് ഝാര്‍ഖണ്ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍

ഇത്തവണത്തെ പട്ടികയില്‍ പാര്‍ട്ടി മാറി സ്ഥാനാര്‍ഥിത്വം ലഭിച്ചവരില്‍ വലിയ അഴിമതി വീരന്മാരും ഉള്‍പ്പെട്ടിരിക്കുന്നതാണ് വലിയ കല്ലുകടികള്‍ക്ക് തുടക്കമിടുന്നത്

കൊലക്കേസ് പ്രതി, 130 കോടി അഴിമതിക്കാരന്‍; ഇവരൊക്കെയാണ് ഝാര്‍ഖണ്ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍

ഝാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയിലെ വൈരുധ്യങ്ങള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും ചര്‍ച്ചാ വിഷയമാവുകയാണ്. മറ്റുള്ള പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് കുടിയേറിയവര്‍ക്ക് വളരെ വേഗത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി അവസരം കൊടുക്കാറുണ്ട്. ഇത്തവണത്തെ പട്ടികയില്‍ അങ്ങനെ പാര്‍ട്ടി മാറി സ്ഥാനാര്‍ഥിത്വം ലഭിച്ചവരില്‍ വലിയ അഴിമതി വീരന്മാരും ഉള്‍പ്പെട്ടിരിക്കുന്നതാണ് വലിയ കല്ലുകടികള്‍ക്ക് തുടക്കമിടുന്നത്.

മുന്‍ സര്‍ക്കാരിലെ മന്ത്രിയും പാര്‍ട്ടി മാറി ബി.ജെ.പിക്കായി ഇപ്പോള്‍ ബവന്തപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും വിധി തേടുന്ന ബാനു പ്രതാപ് ഷാഹി 130 കോടിയുടെ മരുന്ന് അഴിമതിയില്‍ പ്രതിയാണ്. പങ്കി മണ്ഡലത്തില്‍ നിന്നും ബി.ജെ.പിക്കായി മത്സരിക്കുന്ന ശശിബൂഷന്‍ മേഹ്ത്ത (എട്ട് മാസം മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍) തന്‍റെ സ്കൂളിലെ അധ്യാപികയെ കൊന്ന കേസില്‍ പ്രതിയാണ്.

കോടതി വാര്‍ത്ത കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ച് സിബിഐ ഫയല്‍ ചെയ്ത ചാര്‍ജ് ഷീറ്റ് അനുസരിച്ച്, ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയ ബാനു പ്രതാപ് ഷാഹിയുടെ പേര് മുന്നില്‍ തന്നെയുണ്ട്. ഈ കേസില്‍ 2011ല്‍ ഇയാള്‍ അറസ്റ്റിലാവുകയും 2013ല്‍ ജാമ്യത്തില്‍ പുരത്തിറങ്ങുകയും ചെയ്തു. കള്ളപ്പണ കേസുകളിലും ഇദ്ദേഹത്തിന് ഇടപാടുകളുണ്ടെന്നും സംശയിക്കപ്പെടുന്നു.

ഇവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനാല്‍ ബി.ജെ.പി മുന്‍ എം.എല്‍.എയായ ആനന്ദ് പ്രതാപ് ദേവ് പാര്‍ട്ടി വിട്ടതും. ധാര്‍മികതയെക്കുറിച്ച് വലിയ പ്രസംഗങ്ങള്‍ നടത്തുന്ന ബി.ജെ.പി രാഷ്ട്രീയത്തില്‍ അത് കാണിക്കുന്നില്ലെന്നും പഴയ സര്‍ക്കാരിന്‍റെ കാലത്ത് ബാനു പ്രതാപ് ചെയ്ത തെറ്റുകളെല്ലാം ബി.ജെ.പി മറക്കുകയാണെന്നും ആനന്ദ് പ്രതാപ് ഐ.എ.എന്‍.എസിനോട് പറഞ്ഞു.