LiveTV

Live

National

ടി.എന്‍ ശേഷന്‍; ജീവിതത്തിന്‍റെ നാള്‍വഴികളിലൂടെ...

വോട്ടേഴ്സ് ഐഡി നടപ്പിലാക്കി. ഉച്ചഭാഷിണികളുടെ ഉപയോഗം കുറച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ വീഡിയോയയില്‍ ചിത്രീകരിക്കാന്‍ നടപടി സ്വീകരിച്ചു എന്നിങ്ങനെ പോവുന്നു നേട്ടങ്ങള്‍

ടി.എന്‍ ശേഷന്‍; ജീവിതത്തിന്‍റെ നാള്‍വഴികളിലൂടെ...

ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി 1990ലാണ്. ടി.എന്‍ ശേഷന്‍ ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ പല നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. അവ കര്‍ശനമാക്കി നടപ്പാക്കിയതിലൂടെ ടി.എന്‍ ശേഷന്‍ ശ്രദ്ധേയനാവുകയായിരുന്നു.

പാലക്കാട് ജില്ലയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ടി.എന്‍ ശേഷന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം ചെന്നൈ ക്രിസ്ത്യന്‍ കോളജില്‍ ഊര്‍ജതന്ത്രത്തില്‍ ബിരുദമെടുത്തു. പിന്നീട് അവിടെത്തന്നെ അധ്യാപകനുമായി. 1955ല്‍ തമിഴ്നാട് കേഡര്‍ സിവില്‍ സര്‍വീസ് ട്രെയിനിയായി ഔദ്യോഗിക ജീവിതം തുടങ്ങി. ആദ്യം ദിണ്ഡിഗലിലെ സബ്കലക്ടറായി. പിന്നീട് മധുര ജില്ലാകലക്ടര്‍. മദ്രാസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തുടങ്ങിയ പദവികളും വഹിച്ചു.

തുടക്കകാലം മുതലേ വിട്ടുവീഴ്ച ചെയ്യാത്ത കര്‍ശന സ്വഭാവത്തിനുടമായിയിരുന്ന ശേഷന്‍. ഇത് ഔദ്യോഗിക ജീവിതത്തില്‍ നിരവധി ശത്രുക്കളെ സമ്പാദിക്കാനിടയാക്കി. ഒരു ദിവസം തന്നെ മൂന്ന് തസ്തികകളിലേക്ക് സ്ഥലം മാറ്റിയാണ് തമിഴ്നാട് സര്‍ക്കാര്‍ അദ്ദേഹത്തോട് പ്രതികാരം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശേഷനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി. ഇതിനിടെ അമേരിക്കയിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം സ്കോളര്‍ഷിപ്പ് നേടി. തിരികെയെത്തിയ അദ്ദേഹം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്നു.

ആണവോർജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, ഓയിൽ & നാച്ചുറൽ ഗ്യാസ് കമ്മീഷൻ അംഗം, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഈ കാലത്താണ് അദ്ദേഹം തെഹരി അണക്കെട്ടിനും നർമദയിലെ സർദാർ സരോവർ അണക്കെട്ടിനും അനുമതി നിഷേധിച്ചത്. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി.

രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. എസ്.ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി ചുമതലയേറ്റത്. ആസൂത്രണ കമ്മീഷൻ അംഗവുമായിരിക്കെയായിരുന്നു നിയമനം. തെരഞ്ഞെടുപ്പിലെ അഴിമതിയും ക്രമക്കേടുകളും തടയുന്നതിനായി നടപടികളെടുത്തു. സ്ഥാനാർഥികൾക്ക് ചിലവഴിക്കാവുന്ന പണത്തിന് പരിധി ഏർപ്പെടുത്തി.

പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ ക്രമക്കേടിന്‍റെ പേരിൽ റദ്ദാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഇംപീച്ച്മെന്റ് നടപടികള്‍ നേരിടേണ്ടി വന്നു. ഇതിലൊന്നും തളരാത്ത ശേഷന്‍ കടുത്ത നടപടികളുമായി മുന്നോട്ടു പോയി. വോട്ടേഴ്സ് ഐഡി നടപ്പിലാക്കി. ഉച്ചഭാഷിണികളുടെ ഉപയോഗം കുറച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ വീഡിയോയയില്‍ ചിത്രീകരിക്കാന്‍ നടപടി സ്വീകരിച്ചു എന്നിങ്ങനെ പോവുന്നു നേട്ടങ്ങള്‍. 1996ല്‍ മാഗ്സസെ പുരസ്കാരത്തിന് അര്‍ഹനായി. വര്‍ധിച്ചു വന്ന ജനപ്രീതിയെ തുടര്‍ന്ന് 1997ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ കെ.ആര്‍ നാരായണനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.