LiveTV

Live

National

അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് അസദുദ്ദീന്‍ ഉവൈസി

അതേസമയം വിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് പേഴ്‌സനല്‍ ബോര്‍ഡിന്റെ എല്ലാ നീക്കങ്ങള്‍ക്കും കൂടെ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് അസദുദ്ദീന്‍ ഉവൈസി

ബാബരി വിധിയില്‍ സന്തുഷ്ടനല്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. തന്റെ പ്രതികരണം ഒരു കാര്‍ഡ് രൂപത്തില്‍ ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. 'സുപ്രിം ബട്ട് നോട്ട് ഇന്‍ഫാലിയബ്ള്‍' എന്ന ലേഖനസമാഹാരത്തിന്റെ പുറംചട്ടയാണ് അദ്ദേഹം ട്വീറ്റ് ചെയ്യാന്‍ ഉപയോഗിച്ചത്. വിധിയില്‍ സന്തുഷ്ടനല്ലെന്നും അഞ്ചേക്കര്‍ ഭൂമി വേണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അതേസമയം വിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് പേഴ്‌സനല്‍ ബോര്‍ഡിന്റെ എല്ലാ നീക്കങ്ങള്‍ക്കും കൂടെ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്‌‍ലിംകളായ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, പക്ഷേ ഞങ്ങള്‍ തുല്യ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു. ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മുകളില്‍ ഉള്ള തകര്‍ക്കമായിരുന്നില്ല. യു.പിയില്‍ എവിടേയെങ്കിലും ഒരു അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ്‌‍ലിംകള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ മുസ്‌‍ലിംകള്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാടിയത്. നിങ്ങള്‍ മുസ്‌‍ലിംകളെ സഹായിക്കേണ്ടതില്ല.

കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ല. തര്‍ക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തില്‍ കോടതി എങ്ങനെ എത്തിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.” ഉവൈസി പ്രതികരിച്ചു.

മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ട്വീറ്റ് അസദുദ്ദീന്‍ ഉവൈസി റീട്വീറ്റ് ചെയ്‍തു.'വിധി ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെതിരാണ്. ഞങ്ങളുടെ ഭാഗം തെളിയിക്കാനാവശ്യമായ എല്ലാ തെളിവുകളും ഞങ്ങള്‍ ഹാജരാക്കിയിരുന്നു. ലീഗല്‍ കമ്മിറ്റി വിധി പുനഃപരിശോധിക്കും. തകര്‍ക്കപ്പെട്ടതിനെ പുനര്‍നിര്‍മിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്' എന്നായിരുന്നു പേഴ്‌സനല്‍ ബോര്‍ഡിന്റെ ട്വീറ്റ്.